Quantcast

അമ്മ കഴിക്കുന്ന ഭക്ഷണം സ്‍പെഷ്യലായാല്‍ മുലപ്പാല്‍ കൂടുമോ?

മുലയൂട്ടുന്ന ഒരു അമ്മ ഭക്ഷണത്തില്‍ എന്തെല്ലാണ് ഉള്‍പ്പെടുത്തേണ്ടത്; എന്തെല്ലാമാണ് ഒഴിവാക്കേണ്ടത്? ഇതാ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍

MediaOne Logo

Web Desk

  • Published:

    2 Aug 2021 6:32 AM GMT

അമ്മ കഴിക്കുന്ന ഭക്ഷണം സ്‍പെഷ്യലായാല്‍ മുലപ്പാല്‍ കൂടുമോ?
X

മുലയൂട്ടുന്ന അമ്മമാര്‍ക്ക് എത്ര മുലയൂട്ടിലായാലും കുഞ്ഞിനാവശ്യമായ പാല്‍ കിട്ടിക്കാണുമോ, കുഞ്ഞിന്‍റെ വയര്‍ നിറഞ്ഞുകാണുമോ എന്ന ആശങ്കയാണ്. അമ്മ കഴിക്കുന്ന ഭക്ഷണം സ്പെഷ്യലായാല്‍ മുലപ്പാല്‍ കൂടുമോ? മുലയൂട്ടുന്ന അമ്മമാര്‍ എന്തെല്ലാം കഴിക്കണം?

മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്ന ഒരു പ്രക്രിയയാണ്. കുഞ്ഞിനാവശ്യമായ എല്ലാ പോഷകങ്ങളും, രോഗപ്രതിരോധത്തിന് ഉതകുന്ന ഘടകങ്ങളും മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്നു. കൂടാതെ മാരകമായ പല അസുഖങ്ങളില്‍ നിന്നും അമ്മയ്ക്ക് സംരക്ഷണം നല്‍കുന്ന ഒന്നാണ് മുലയൂട്ടല്‍. കുഞ്ഞ് ജനിച്ച് എത്രയും വേഗം തന്നെ മുലയൂട്ടല്‍ തുടങ്ങേണ്ടതാണ്. ഓരോ തവണയും മുലയൂട്ടുന്നതിന് മുമ്പും ശേഷവും അമ്മ മുലക്കണ്ണുകള്‍ വൃത്തിയാക്കുകയും വേണം.

പ്രസവിച്ച് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ അമ്മയില്‍ വേണ്ടത്ര മുലപ്പാല്‍ ഉണ്ടായി വരികയുള്ളൂ. പാല്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വെള്ളം ധാരാളം കുടിക്കുന്നതും മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കും. പയറുവര്‍ഗങ്ങളില്‍ ചെറുപയറും ഇലക്കറികളില്‍ മുരിങ്ങയില പ്രത്യേകിച്ചും പാലുണ്ടാക്കാന്‍ സഹായിക്കുന്നതാണ്.


കൂടാതെ, ഉലുവ, ശതാവരിക്കിഴങ്ങ് മുതലായവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചുവന്നുള്ളി, വെളുത്തുള്ളി, ചുക്ക്, ജീരകം തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പോഷകസമൃദ്ധമായ, എന്നാല്‍ കൊഴുപ്പ് കുറഞ്ഞതും എരിവ്, ഉപ്പ്, പുളി എന്നിവ താരതമ്യേന കുറഞ്ഞതുമായ ഭക്ഷണരീതിയാണ് മുലയൂട്ടുന്ന അമ്മയ്ക്ക് അഭികാമ്യം. അമ്മയുടെ മാനസികമായ സന്തോഷവും സമാധാനവും മുലപ്പാലുണ്ടാകാന്‍ വളരെയേറേ സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ അമ്മയില്‍ ദേഷ്യം, ഭയം, വിഷാദം എന്നിവയില്ലാതെയിരിക്കാന്‍ ശ്രമിക്കേണ്ടതാണ്.


ആയുര്‍വേദത്തില്‍ പ്രസവരക്ഷയ്ക്കായി നല്‍കുന്ന ഔഷധങ്ങള്‍ പലതും മുലപ്പാല്‍ വര്‍ധനവിനും മുലപ്പാലിന് ശുദ്ധി വരുത്താനും സഹായിക്കുന്നവയാണ്. അമ്മയുടെ ശാരീരിക അവസ്ഥയനുസരിച്ച് നല്‍കുന്ന അരിഷ്ടങ്ങള്‍, പാല്‍ കഷായങ്ങള്‍, കുഴമ്പ് തേച്ച് വേദിട്ട വെള്ളത്തിലുള്ള കുളി ഇവയെല്ലാം തന്നെ മുലപ്പാലുണ്ടാകാന്‍ സഹായിക്കും. ഈ കുളി രക്തചംക്രമണത്തെ സഹായിക്കുന്നതിനാല്‍ അതും മുലപ്പാല്‍ വര്‍ധനവിന് കാരണമാകും.

ബാക്ക് സപ്പോര്‍ട്ടുള്ള കസേരയിലിരുന്ന് മടിയില്‍ ഒരു തലയണ വെച്ച് കുഞ്ഞിനെ അതിന് മുകളിലായി കിടത്തി, കുഞ്ഞിന്റെ തല ഒരു കൈ കൊണ്ട് താങ്ങി വേണം അമ്മ മുലയൂട്ടാന്‍. കുഞ്ഞിന് സുഖമായി പാല് ലഭിക്കുകയും ചെയ്യും, അമ്മയ്ക്ക് ആ ഇരിപ്പ് ആയാസം ഉണ്ടാക്കുകയും ഇല്ല എന്നതാണ് ഇങ്ങനെ മുലയൂട്ടുന്നത് കൊണ്ടുള്ള ഗുണം. പാല് കുടിച്ച ശേഷം കുഞ്ഞിനെ വയറ് അമരുന്ന രീതിയില്‍ തോളിലേക്ക് കയറ്റിക്കിടത്തി സാവധാനത്തില്‍ തട്ടിക്കൊടുത്ത് വായു പുറത്ത് കളയേണ്ടതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ശാലിനി PMS(Ayu)

പ്രസൂതി തന്ത്ര & സ്ത്രീ രോഗ

ഹോണററി സ്പെഷ്യലിസ്റ്റ് കൺസള്‍ട്ടന്‍റ്

രുദ്രാക്ഷ ആയുർവേദിക് ഹോളിസ്റ്റിക് സെന്‍റർ, പെരിങ്ങാവ്, തൃശ്ശൂർ

TAGS :

Next Story