Quantcast

ബി.പി കൂടുതലാണോ? കാപ്പികുടി അധികമാവേണ്ട...

ബി.പി കൂടുതലായവർ കാപ്പി അധികം കുടിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത രണ്ടിരട്ടി കൂട്ടുമെന്ന് പഠനം

MediaOne Logo

Web Desk

  • Updated:

    2022-12-23 13:40:06.0

Published:

23 Dec 2022 12:25 PM GMT

ബി.പി കൂടുതലാണോ? കാപ്പികുടി അധികമാവേണ്ട...
X

കാപ്പി നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരാകും നമ്മളിൽ ഭൂരിഭാഗം പേരും. ദിവസവും രണ്ട് കപ്പ് കാപ്പി നിർബന്ധമാക്കിയവരും നിശ്ചിത ഇടവേളകളിൽ കാപ്പി ശീലമാക്കിയ ആളുകളും ധാരാളമുണ്ടാവും. അമിതമായ കാപ്പികുടി അത്ര നല്ലതല്ലെന്ന് നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടും കാപ്പി കുടി ഒഴിവാക്കാൻ നമുക്ക് കഴിയാറുമില്ല.

കഫീന്റെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നിരിക്കേ അമിത രക്തസമ്മർദമുള്ളവർ ദിവസവും രണ്ട് കപ്പോ അതിലധികമോ കാപ്പി കുടിക്കുന്നത് പാടേ ഒഴിവാക്കണമെന്നാണ് ജപ്പാനിലെ ഒസാക യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് മെഡിസിനും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയും സംയുക്തമായി നടത്തി പഠനം തെളിയിക്കുന്നത്.

160/100ഓ അതിനു മുകളിലോ ബിപി ഉള്ളവരിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാപ്പി കുടി കൊണ്ടുണ്ടാകാം എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.മസായുകി ടെറമോട്ടോ പറയുന്നു. കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. രക്തസമ്മർദം കുറവുള്ളവർ, ഹൈപ്പർടെൻഷൻ ഗ്രേഡ് 1 ലെവലിൽ ഉള്ളവരിൽ ഈ പ്രശ്‌നമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ പഠനം നിരീക്ഷണാടിസ്ഥാനത്തിലാണെന്നും പഠനത്തിന് ഇനിയും ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും ടെറമോട്ടോ പറയുന്നു.

പഠനത്തിനായി തിരഞ്ഞെടുത്തവരുടെ 19 വർഷത്തെ ജീവിതരീതി പരിശോധിച്ചാണ് ടെറമോട്ടോയുടെ സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. 800ഓളം പേരുടെ മരണറിപ്പോർട്ടും പഠനവിധേയമാക്കിയിരുന്നു.

കഫീൻ ഗ്രീൻ ടീയിലും അടങ്ങിയിട്ടുണ്ടെങ്കിലും ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന പോളിഫീനോൾസിന്റെ ആന്റി ഇൻഫ്‌ളമേറ്ററി-ആന്റി ഓക്‌സിഡന്റ് സവിശേഷതകളാവാം ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

TAGS :

Next Story