Quantcast

ഐ ലൈനർ നിർത്താൻ നേരമായി.. ചൊറിച്ചിലുണ്ടെങ്കിൽ തൊടാൻ നിൽക്കേണ്ട; ചെയ്യേണ്ടത് ഇതാണ്..

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ കണ്ണിലെ മേക്കപ്പുകൾ ഒഴിവാക്കണം. കോണ്ടാക്‌ട് ലെൻസും അപകടമാണ്...

MediaOne Logo

Web Desk

  • Published:

    26 Aug 2023 1:03 PM GMT

eye care
X

ഇന്ത്യയിൽ കഴിഞ്ഞ ഒരു മാസമായി ചെങ്കണ്ണ് ബാധിതരുടെ എണ്ണം വളരെ കൂടിവരികയാണ്. മൺസൂൺ കാലത്തെ ഈർപ്പമുള്ള കാലാവസ്ഥ ബാക്ടീരിയകൾക്കും വൈറസുകൾക്കും വളരാനും പടരാനും അനുകൂലമാണ്. നേരത്തെ വേനൽക്കാലത്താണ് ചെങ്കണ്ണ് രോഗം കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ഏത് കാലത്തും ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. കണ്ണിലെ ഏറ്റവും സാധാരണമായ അണുബാധയാണ് കൺജങ്ക്റ്റിവിറ്റിസ് (conjunctivitis) അഥവാ ചെങ്കണ്ണ്, പിങ്ക് ഐ അല്ലെങ്കിൽ റെഡ് ഐ എന്നും ഇത് അറിയപ്പെടാറുണ്ട്.

വേഗം പടരുന്ന രോഗമാണിത്. രോഗലക്ഷണങ്ങൾ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കും. കണ്ണിന്റെ ചുവപ്പ്, ചൊറിച്ചിൽ, കണ്ണ് വേദന, കണ്ണിൽ നിന്ന് നീരൊഴുക്ക്, കണ്ണിൽ നിന്ന് സ്രവം, മങ്ങിയ കാഴ്ച, വീക്കം, പ്രകാശത്തോടുള്ള സംവേദനക്ഷമത തുടങ്ങിയവ സാധാരണ ലക്ഷണങ്ങളാണ്. കണ്ണിൽ ചൊറിച്ചിലുണ്ടായാൽ തന്നെ കൈകൾ കൊണ്ട് കണ്ണ് ചൊറിയാൻ ശ്രമിക്കുന്നവരാണ് കൂടുതൽ. ഏറ്റവും അപകടമായ കാര്യമാണിത്. രോഗം കൂടുതൽ വഷളാകാൻ മാത്രമേ ഇതുവഴി സാധിക്കുകയുള്ളൂ. മറ്റുള്ളവർക്ക് രോഗം പടരാനും ഇടയാക്കും. ചെങ്കണ്ണ് വേഗം സുഖം പ്രാപിക്കണമെന്നാണെങ്കിൽ ആരോഗ്യ വിദഗ്ധർ പറയുന്ന ഈ നിർദേശങ്ങൾ പിന്തുടരാം.

ചെയ്യേണ്ടത്..

  • അസ്വസ്ഥത കുറയ്ക്കാൻ തണുപ്പുള്ള എന്തെങ്കിലും കണ്ണിൽ വെക്കുക. ഐസ് ഒരു കോട്ടൺ തുണിയിലോ മറ്റോ പൊതിഞ്ഞ് കണ്ണിൽ വെക്കുന്നത് നല്ലതാണ്. ഐസ് നേരിട്ട് കണ്ണിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • കണ്ണിൽ നിന്ന് സ്രവം വരാൻ സാധ്യതയുണ്ട്. അതിനാൽ പഴുപ്പ് നീക്കം ചെയ്യാനും കണ്ണുകൾ വൃത്തിയായി സൂക്ഷിക്കാനും ചൂടുള്ള നനഞ്ഞ തുണി ഉപയോഗിക്കുക.
  • ഡോക്ടറുടെ നിർദേശപ്രകാരം കണ്ണിൽ തുള്ളിമരുന്നുകൾ ഉപയോഗിക്കുക.

ഇത് വേണ്ട...

  • കണ്ണുകൾ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക
  • രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ കണ്ണിൽ മേക്ക്അപ് ഇടുന്നത് ഒഴിവാക്കണം.
  • ഓവർ-ദി-കൌണ്ടർ ഐ ഡ്രോപ്പുകൾ ഉപയോഗിക്കരുത്
  • കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് ഒഴിവാക്കുക
  • നീന്താൻ പോകുന്ന ശീലമുണ്ടെങ്കിൽ കുറച്ച് ദിവസത്തേക്ക് അത് ഒഴിവാക്കണം
  • സ്വകാര്യ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്.

ചെങ്കണ്ണ് പിടിപെടുമ്പോൾ കണ്ണ് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വെറുതെ കഴുകിയാൽ മാത്രം പോരാ, രോഗമുള്ളപ്പോൾ കണ്ണ് വൃത്തിയാക്കാൻ ചില രീതികളൊക്കെയുണ്ട്. എങ്ങനെയെന്ന് നോക്കാം.

  • ശുദ്ധവും ഫിൽട്ടർ ചെയ്ത വെള്ളവും ഒരു തുണിയും എടുക്കുക
  • തുണി വെള്ളത്തിൽ മുക്കി കുറച്ച് മിനിറ്റ് കണ്ണിൽ തന്നെ വെക്കുക. കണ്ണടച്ചു ശേഷം കൺപോളയിൽ വേണം തുണിവെക്കാൻ.
  • ഉണങ്ങിയ പഴുപ്പും സ്രവവും ഒഴിവാക്കാൻ ഇത് സഹായിക്കും
  • കണ്ണിന്റെ പുറം കോണിലേക്ക് അകത്തെ മൂലയിൽ പതുക്കെ തുടയ്ക്കുക
  • ശേഷം ഡോക്ടർ നിർദേശിച്ച തുള്ളിമരുന്ന് ഒഴിക്കാം. അണുബാധ പടരാതിരിക്കാൻ ഓരോ കണ്ണിനും വ്യത്യസ്ത തുണികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം
TAGS :

Next Story