ഒരു മാസം ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?
പഞ്ചസാരയുടെ അമിത ഉപയോഗം പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവക്ക് കാരണമാകും
പലരീതിയിൽ നമ്മുടെ ശരീരത്തിൽ പഞ്ചസാര എത്തുന്നുണ്ട്. മധുരപലഹാരങ്ങൾ, പാനീയങ്ങൾ,പഴങ്ങൾ തുടങ്ങി നിരവധി ഭക്ഷണത്തിലൂടെ പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ചിലതരം പഞ്ചസാര ശരീരത്തിന് ആവശ്യമാണെങ്കിലും കൂടുതൽ അളവിൽ പഞ്ചാസാര ഉപയോഗിക്കുന്നത് പല അസുഖങ്ങൾക്കും കാരണമാകും.
പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും. ഒരു മാസം പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ എന്തുസംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ... അങ്ങനെ ചെയ്താൽ ഒരുപാട് ഗുണങ്ങൾ ലഭിക്കുമെന്നാണ് കൺസൾട്ടന്റായ ഡോ. അമൃത ഘോഷ് പറയുന്നത്.
ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുമ്പോൾ ശരീരഭാരം കുറയുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റമെന്ന് ഡോ. അമൃത ഘോഷ് 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു. പഞ്ചസാരയിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്, ഇത് വേഗത്തിൽ ശരീരം ആഗിരണം ചെയ്യും, ഇത് ശരീരഭാരം വർധിപ്പിക്കും. ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുമ്പോൾ കലോറിയുടെ അളവ് കുറയുകയും ശരീരഭാരം കുറക്കുകയും ചെയ്യും. ഡോ. ഘോഷ് കൂട്ടിച്ചേർത്തു.
പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും വർധനവിന് കാരണമാകുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഒരുമാസം പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹത്തെയും പടിക്ക് പുറത്ത് നിർത്താം.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ക്ഷീണം, അലസത,സമ്മർദം എന്നിവയും കൂടും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കൂടുതൽ ഊർജവും ഉണർവും അനുഭവപ്പെടും. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം ഹൃദയാരോഗ്യത്തെയും ബാധിക്കാറുണ്ട്.
ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗത്തിനുള്ള എന്നിവയ്ക്ക് പഞ്ചസാരക്ക് പ്രധാന പങ്കുണ്ട്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സാധിക്കുമെന്നു ഡോ. അമൃത ഘോഷ് പറഞ്ഞു.
പഞ്ചസാരയുടെ അളവ് കൂടുന്നത് കുടലിൽ വീക്കം ഉണ്ടാക്കുകയും കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു, ഇത് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പഞ്ചസാര കുറക്കുമ്പോൾ ഈ രോഗങ്ങളിൽ നിന്നെല്ലാം മുക്തി നേടാനാകും.
നിങ്ങളുടെ ജീവിതത്തിൽ ആരോഗ്യകരമായ വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു മാസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ഒരു മാസത്തിന് ശേഷവും അത് തുടര്‍ന്നുപോകുക എന്നതും പ്രധാനമാണെന്ന് അവർ പറഞ്ഞു.
Adjust Story Font
16