Quantcast

സ്വകാര്യ പ്രാക്ടീസ്: മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരായ ആരോഗ്യവകുപ്പിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടി

MediaOne Logo

Web Desk

  • Published:

    17 March 2023 6:29 AM GMT

സ്വകാര്യ പ്രാക്ടീസ്: മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
X

മഞ്ചേരി മെഡിക്കൽ കോളേജ്   

മലപ്പുറം: സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരായ ശക്തമായ നീക്കങ്ങളുടെ ഭാഗമാണ് മഞ്ചേരിയിലെ ഡോക്ടർക്കെതിരായ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസ് അറിയിച്ചു. ഈ മാസാദ്യം, ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തിയ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. ആറ് സീനിയർ ഡോക്ടർമാരാണ് അന്ന് നടപടി നേരിട്ടത്.

സർക്കാർ ഡോക്ടർമാർ ആശുപത്രിയ്ക്കു സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സന്ദർശനം നടത്തുന്നതിനിടെ ആശുപത്രിയുടെ സമീപത്ത് സര്‍ക്കാര്‍ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പ്രസംഗിക്കുകയും ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് വിജിലന്‍സിന് നിർദേശം നൽകുകയും ചെയ്തു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിവസം ഡോക്ടറുടെ ബോര്‍ഡ് അപ്രത്യക്ഷമായി.

ഹെല്‍ത്ത് സര്‍വീസിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെങ്കിലും ആശുപത്രിയുടെ സമീപത്ത് ബോര്‍ഡ് വച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്ങനെയുള്ളവര്‍ അതില്‍ നിന്നും പിന്മാറണം. വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനാണ് ഈ ഡോക്ടര്‍മാര്‍ക്ക് അനുമതിയുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗിയോ ബന്ധുക്കളോ വീട്ടില്‍ പോയി ഡോക്ടറെ കാണരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

TAGS :

Next Story