Quantcast

പപ്പായ ചില്ലറക്കാരനല്ല; പ്രാതലിനൊപ്പം കഴിച്ചാൽ 10 ഗുണം

പ്രത്യേക ആഹാരക്രമങ്ങളും ഡയറ്റും പിന്തുടരുന്നവർ നിർബന്ധമായും പപ്പായയെ അവരുടെ മെനുവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം

MediaOne Logo

Web Desk

  • Published:

    23 Aug 2024 2:14 PM GMT

10 benefits of eating papaya on empty stomach every day, papaya health benefits
X

വെള്ളവും വളവും നൽകി പരിപാലിക്കുകയൊന്നും വേണ്ട. ഏതു പറമ്പിലും ഏതു കാലാവസ്ഥയിലും തഴച്ചുവളരും. വിത്തിടുകയോ തൈനട്ടു പരിപാലിക്കുക പോലും വേണ്ട. തനിയേ പൊട്ടിമുളച്ചു സ്വയമങ്ങു വളർന്നോളും. പപ്പായയെക്കുറിച്ചാണു പറയുന്നത്.

ഇങ്ങനെ എവിടെയും എപ്പോഴും കിട്ടുന്നതുകൊണ്ട് പപ്പായയ്ക്ക് ഒരു വിലയുമില്ല നമ്മുടെ നാട്ടിൽ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ വലിയ തുക കൊടുത്തു വാങ്ങിക്കഴിക്കും. എന്നാൽ, വീട്ടുമുറ്റത്ത് വളരുന്ന, ഒരേസമയം പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന പപ്പായയെ അത്ര കാര്യമായി പലരും തീന്മേശയിലേക്ക് എടുക്കാറുമില്ല. മലബന്ധം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധി മാത്രമല്ല, ഒരുപാട് വിറ്റാമിനുകളും ധാതുക്കളും ഉള്ളടങ്ങിയിട്ടുണ്ട് പപ്പായയിൽ. അതുകൊണ്ടുതന്നെ അത്ര ചില്ലറക്കാരനല്ല പപ്പായയെന്നു തന്നെ പറയാം.

വെറും വയറ്റിലും അല്ലാതെയും രാവിലെ പപ്പായ പതിവാക്കുന്നതുകൊണ്ട് എണ്ണമറ്റ ഗുണങ്ങളുണ്ട്. എന്നും രാവിലെ പ്രാതലിനൊപ്പം പപ്പായയും സ്ഥിരം ഇനമാക്കിയാൽ, ഒരു ചെലവുമില്ലാതെ ഒരുപാട് ഗുണങ്ങൾ നേടാനാകും. മലവിസർജനത്തെ ആയാസരഹിതമാക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായൊരു വിരേചനൗഷധം കൂടിയാണത്. വിറ്റാമിൻ 'സി'യുടെ കലവറയാണത്. നിങ്ങളുടെ ശാരീരികോർജം കൂട്ടാൻ സഹായിക്കുമത്. മാനസികസംഘർഷം ലഘൂകരിക്കും.


1. ഉണർവേകും, ഊർജമേറ്റും

പ്രകൃതിദത്തമായ പഞ്ചസാരയും പോഷകങ്ങളും ധാതുക്കളും തന്നെയാണ് പപ്പായയുടെ 'മെയിൻ'. രാവിലെ തന്നെ പപ്പായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനു കൂടുതൽ ഉണർവാകും. ശാരീരികോർജം കൂട്ടുകയും ചെയ്യും.

2. ദഹനപ്രക്രിയയെ സഹായിക്കും

ദഹനപ്രക്രിയ കുറയുന്ന ഘട്ടത്തിലാണ് പപ്പായയിൽ ഉള്ളടങ്ങിയിട്ടുള്ള പപൈൻ എന്ന പ്രോട്ടീൻ ഏറെ ഗുണമായി വരിക. ദഹനപ്രക്രിയയെ കാര്യക്ഷമമാക്കാൻ അതു സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തീർക്കും.

3. പോഷകദഹനം കൂട്ടും

ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞു പപ്പായ കഴിക്കുന്നതു ശീലമാക്കുന്നതും നല്ലതാണ്. ദഹനേന്ദ്രിയം ഏറെക്കുറെ തിരക്കൊഴിഞ്ഞുനിൽക്കുന്ന സമയമാകുമത്. അതുകൊണ്ടുതന്നെ പഴത്തിന്റെ പോഷകങ്ങൾ കൃത്യമായി ശരീരത്തിലേക്ക് വലിച്ചെടുക്കാൻ അതു സഹായിക്കും.

4. വിഷമുക്തമാക്കും, പ്രകൃതിദത്തമായി

ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനുശേഷം പപ്പായ കഴിച്ചാൽ വേറെയും ഗുണങ്ങളുണ്ട്. ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന വിഷമുക്തമാക്കൽ പ്രക്രിയയെ സഹായിക്കാൻ പപ്പായയുടെ നാരുകൾക്കാകും. ശരീരത്തിനകത്തെ വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാനും അതു സഹായിക്കും.


5. ബ്ലഡ് ഷുഗർ നിലയെ നിയന്ത്രിക്കും, ശരീരഭാരം കുറയ്ക്കും

ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂർ കാത്തിരുന്ന് പപ്പായ കഴിച്ചാൽ ബ്ലഡ് ഷുഗർ നില ഉയരുന്നത് തടയാനാകും. ബ്ലഡ് ഷുഗർ നിലയെ നിയന്ത്രിക്കാനും ഇതു സഹായിക്കും.

പപ്പായ കഴിക്കുന്നത് പലതരത്തിലും ആത്മസംതൃപ്തി നൽകുന്ന കാര്യം കൂടിയാണ്. പ്രത്യേകിച്ചും ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണകരമായൊരു വിഭവമാണത്. പപ്പായയിലെ നാരുകളും കുറഞ്ഞ കലോറിയുമെല്ലാം തന്നെയാണ് അതിനു കാരണം.

6. മെച്ചപ്പെട്ട പോഷകം

ഭക്ഷണശേഷമുള്ള സമയം ശരീരത്തിൽ പോഷകങ്ങളുടെ ഉപയോഗം ഏറ്റവും ശക്തമായി നടക്കുന്ന ഘട്ടം കൂടിയാണ്. വിറ്റാമിനുകളും ധാതുക്കളും കോശങ്ങൾക്കേൽക്കുന്ന പരിക്കുകൾ പരിഹരിക്കുന്ന ആന്റിയോക്‌സിഡന്റുകളുമെല്ലാം പപ്പായയിൽ ഉള്ളടങ്ങിയിട്ടുണ്ട്. ശരീരം പോഷകങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന ഒരു ഘട്ടത്തിലാകും പപ്പായ ഏറെ ഗുണമായി വരിക.

7. സ്‌ട്രെസ് അകറ്റും

ശാരീരികോർജം കൂട്ടാനും മാനസികനിലയ്ക്കു കൂടുതൽ ഉത്തേജനം പകരാനും പപ്പായയ്ക്കാകും. വിറ്റാമിൻ സി പോലുള്ള പോഷകഘടകങ്ങൾ മാനസികമായ സംഘർഷം അകറ്റാൻ സഹായിക്കും. ശാരീരികോന്മേഷം പകരും. ആഹാരക്രമങ്ങളും ഡയറ്റും പിന്തുടരുന്നവർ പ്രത്യേകിച്ചും പപ്പായയെ അവരുടെ മെനുവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

8. തൊലിയുടെ തിളക്കമേറ്റും

വിറ്റാമിൻ 'എ'യും 'സി'യും പോലെയുള്ള ആന്റിയോക്‌സിഡന്റുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ പപ്പായ നിങ്ങളുടെ തൊലിയുടെ തിളക്കവും മിനുസവും കൂട്ടും. പേശികളിലും ചർമത്തിലും അടങ്ങിയ കോളാജൻ പ്രോട്ടീനിന്റെ സംയോജനം എളുപ്പത്തിലാക്കുമത്. തൊലിയിലെ ചുളിവുകൾ കുറയ്ക്കും. ശാരീരികോർജത്തിനൊപ്പം പുറംകാഴ്ചയിലും എപ്പോഴും യുവത്വം നിലനിർത്താൻ സഹായിക്കുമത്.


9. പ്രതിരോധശേഷി കൂട്ടും

പപ്പായയിലെ വിറ്റാമിൻ സി ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. ശരീരത്തിനകത്ത് കടന്നുകയറാനിടയുള്ള പകർച്ചവ്യാധികളെയും രോഗങ്ങളെയുമെല്ലാം ചെറുക്കാൻ അതു ശരീരത്തിനു കൈത്താങ്ങാകും.

10. കാഴ്ചശക്തി വര്‍ധിപ്പിക്കും

പപ്പായയുടെ ബെറ്റ കറോറ്റിൻ നിറവും അതിനകത്തെ വിറ്റാമിൻ 'എ'യുമെല്ലാം മാകുലർ ഡീജനറേഷൻ എന്ന കാഴ്ചശക്തി കുറയുന്ന പ്രത്യേക രോഗാവസ്ഥയെ തടയും. പ്രായാധിക്യം കാരണം കാഴ്ചശക്തിക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലും സുരക്ഷയാകും. കണ്ണിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കാവലാകുകയും ചെയ്യും.

Summary: 10 benefits of eating papaya on empty stomach every day

TAGS :

Next Story