പ്രമേഹമുണ്ടോ? പാവയ്ക്കയും ചീരയും കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്...
പാവയ്ക്കയിലടങ്ങിയിരിക്കുന്ന കരാന്റിൻ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്
പ്രമേഹരോഗികളോട് ഡോക്ടർമാർ ഏറ്റവും കൂടുതൽ കഴിക്കണമെന്ന് പറയുന്ന പച്ചക്കറികളാണ് പാവയ്ക്കയും ചീരയും. ഒന്നിന് കയ്പ്പും മറ്റേതിന് പ്രത്യേകിച്ചൊരു രുചിയുമില്ലാത്തത് കൊണ്ട് ഷുഗർ ലെവൽ കൂടില്ല എന്നതാവാം കാരണം എന്ന് കരുതിയെങ്കിൽ അത് മാത്രമല്ല സംഭവം. പ്രമേഹരോഗികൾ പാവയ്ക്കയും ചീരയും കഴിക്കണം എന്ന് പറയുന്നതിന്റെ ചില കാരണങ്ങളും ഒപ്പം പ്രമേഹം നിയന്ത്രിക്കുന്നതിന് ബെസ്റ്റ് ആയ ചില പച്ചക്കറികളും എന്തൊക്കെയാണെന്ന് നോക്കാം.
കയ്പ്പ് കാരണം എല്ലാവരും അകറ്റി നിർത്തുന്ന പച്ചക്കറിയാണ് പാവയ്ക്ക. അതുകൊണ്ടു തന്നെയാണ് പ്രമേഹരോഗികൾ പാവയ്ക്ക് ഭക്ഷണശീലത്തിലുൾപ്പെടുത്തണമെന്ന് പറയുന്നത്. ഏറ്റവും ഗുണപ്രദമായ പച്ചക്കറികളിലൊന്നാണ് പാവയ്ക്ക. പാവയ്ക്കയിലടങ്ങിയിരിക്കുന്ന കരാന്റിൻ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്. മാത്രമല്ല, പാവയ്ക്കയിൽ ഇൻസുലിനോട് സാമ്യമുള്ള ഒരു പദാർഥവുമുണ്ട്-പോളിപെപ്‌റ്റൈഡ്-പി.
പണ്ട് കുട്ടിക്കാലത്ത് കാർട്ടൂണിൽ ചീരയാണെന്റെ ആരോഗ്യം എന്ന് പാടി പോപോയ് ടിൻ കണക്കിന് ചീര കഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചീര കഴിക്കുന്നതോട് കൂടി പോപോയ് ശക്തനാവുകയും ചെയ്യും. ഇത് കുട്ടികളെ പറ്റിക്കാൻ വെറുതേ കാണിക്കുന്നതല്ല. ശരിക്കും ഒരുപാട് ഗുണങ്ങളുള്ള പച്ചക്കറിവിഭാഗമാണ് ചീര. ഫോളേറ്റ്,ഡയറ്ററി ഫൈബർ,വൈറ്റമിൻ എ,ബി,സി,ഇ,കെ എന്നിവയൊക്കെ ചീരയിലടങ്ങിയിട്ടുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമാകാതിരിക്കാൻ ചീര പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ബ്രോക്കൊളി
വൈറ്റമിൻ കെയും ഫോളേറ്റും കൊണ്ട് സമൃദ്ധമായ ബ്രോക്കൊളിയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഷുഗർ ലെവൽ കൃത്യ അളവിലാക്കാൻ ബ്രോക്കൊളിയിലെ വൈറ്റമിൻ സിയും പൊട്ടാസ്യവും ഏറെ സഹായിക്കും.
റാഡിഷ്
വൈറ്റമിൻ സിയും ബീറ്റ കരോട്ടിനുമടങ്ങിയ റാഡിഷ് പ്രമേഹരോഗികൾക്ക് എന്തുകൊണ്ടും കഴിക്കാവുന്ന പച്ചക്കറിയാണ്. പ്രമേഹം തടയുന്നതിനും ഇവ മികച്ച രീതിയിൽ സഹായിക്കുന്നുണ്ട്. നാരുകൾ അടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് റാഡിഷിന്റെ പ്രധാന സവിശേഷത. രക്തയോട്ടം വർധിപ്പിക്കുന്നതിന് റാഡിഷ് വളരെയധികം സഹായിക്കും.
ബീൻസ്
ബീൻസ് എന്നും കഴിച്ചാൽ പ്രമേഹം അകറ്റി നിർത്താം എന്ന് പറയുന്നത് വെറുതേയല്ല. രക്തത്തിലേക്ക് ഷുഗർ എത്തുന്നത് കുറയ്ക്കാൻ ബീൻസിനാവും.
Adjust Story Font
16