Quantcast

മൈദയെ അകറ്റൂ, ഒപ്പം ഇവയും: കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

ഇന്നത്തെ സമൂഹത്തില്‍ ഇത്തരം ഭക്ഷണരീതികള്‍ പിന്തുടരുന്നത് ശ്രമകരമായ ഒന്നാണ്. പക്ഷെ, കുഞ്ഞിന്‍റെ ആരോഗ്യം മാതാപിതാക്കള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ളതാണല്ലോ

MediaOne Logo

Roshin Raghavan

  • Published:

    27 Aug 2021 10:43 AM GMT

മൈദയെ അകറ്റൂ, ഒപ്പം ഇവയും: കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...
X

ഇന്നത്തെ സമൂഹത്തില്‍ ജനിച്ചുവീഴുന്ന ഒരു കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ എന്തായാലും ശ്രദ്ധിക്കേണ്ട, എന്നാല്‍ പൊതുവെ ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട കാര്യമാണ് കുട്ടിയുടെ ഭക്ഷണ രീതി. ഒരു കുട്ടി വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം കഴിക്കാന്‍ കൊടുക്കാം, കൊടുക്കരുത് എന്നതിനെക്കുറിച്ച് പലരും അജ്ഞാനരാണ്. ഇത് വളര്‍ന്നുവരുന്ന പുതിയ സമൂഹത്തിന്‍റെ പ്രതിനിധികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കും മുമ്പ് അതില്‍ ഏതെല്ലാമാണ് നല്ലതെന്ന് തിരിച്ചറിയുന്നത് നല്ലതായിരിക്കും.





ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണങ്ങളെ ഒഴിവാക്കി നല്ല ഒരു ഭക്ഷണരീതി തന്നെ കുട്ടികളെ മാതാപിതാക്കള്‍ ശീലിപ്പിക്കേണ്ടിയിരിക്കുന്നു. അതിന് മുതിര്‍ന്നവര്‍ അത്തരം ഭക്ഷണരീതികള്‍ ആദ്യം ശീലിക്കണം. കാരണം, എന്തും മുതിര്‍ന്നവരെ കണ്ടുകൊണ്ടല്ലേ കുട്ടികള്‍ പഠിക്കുന്നത്.

കട്ടി കൂടിയതും എണ്ണ, കളര്‍ എന്നിവയെല്ലാം കൂടുതലുള്ള ഭക്ഷണങ്ങളാണ് കുട്ടികളെ നാം ശീലിപ്പിക്കുന്നത്. മുതിര്‍ന്നവര്‍ ഇത്തരത്തിലുള്ള ഭക്ഷണത്തില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കുന്നതിലൂടെ കുട്ടികളെയും നമുക്ക് അത് ശീലിപ്പിക്കാതിരിക്കാം. ഇത് കുട്ടികളിലെ രോഗ പ്രതിരോധ ശേഷി വളര്‍ത്താന്‍ സഹായകമാകും. അതുപോലെ, കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതും കൊണ്ടുവരേണ്ടതുമായുള്ള ചില ആഹാര സാധനങ്ങളെക്കുറിച്ച് നോക്കാം.




മൈദയും റവയും വേണ്ട

മൈദ, റവ എന്നിവ കൊണ്ടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തുക. മൈദയില്‍ തയാമിന്‍റെ അളവ് കുറവാണ്. തവിട് പൂര്‍ണമായും കളഞ്ഞ് വെളുപ്പിച്ച അരി, ധാന്യങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. അരി വെളുപ്പിച്ചു കുത്തുമ്പോഴും ഗോതമ്പുപൊടി അരിക്കുമ്പോഴും ജീവകങ്ങളും നാരുകളും നഷ്ടം വരുന്നു. ദഹനേന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അവശ്യം വേണ്ടുന്ന ഒന്നാണ് ഈ നാരുകള്‍.

പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് പച്ചയായി തന്നെ കുട്ടികള്‍ക്ക് കൊടുക്കുക. മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ അവയിലുള്ള പോഷകാംശം പതിന്മടങ്ങു വര്‍ധിക്കുകയും കുട്ടികളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയെല്ലാം പോഷകസമ്പുഷ്ടമാണ്. ജീവകസമൃദ്ധമാണവ. ഒരു നേരത്തെ ഭക്ഷണം ഇവ മാത്രമാകട്ടെ.





പച്ചക്കറി വീട്ടില്‍ വിളഞ്ഞതായാലോ

കടകളില്‍ നിന്നും നാം വാങ്ങുന്ന പച്ചക്കറികളെല്ലാം കീടനാശിനിയുടെ അമിത ഉപയോഗമുള്ളതാണ്. അവ രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തിലിട്ടുവച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. വീട്ടില്‍തന്നെ ജൈവകൃഷിയിലൂടെ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ നല്ലത്. പച്ചക്കറികള്‍ അരിഞ്ഞ ശേഷം കഴുകിയാല്‍ പോഷകനഷ്ടം ഉണ്ടാകും.





പഞ്ചസാര വേണ്ട, ഉപ്പിനെയും പരമാവധി അകറ്റിനിര്‍ത്താം

കുട്ടികളെ പഞ്ചസാര ശീലിപ്പിക്കരുത്. പഞ്ചസാരയില്‍ ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നശിപ്പിക്കാന്‍ അതിനു കഴിയുകയും ചെയ്യും. കേക്ക്, ഐസ്‌ക്രീം, കുക്കീസ്, ശീതളപാനീയങ്ങള്‍, ജാം, ജെല്ലി, ചോക്ലേറ്റ്, പേസ്ട്രി എന്നിവ കുട്ടികള്‍ക്ക് കൊടുത്തു ശീലിപ്പിക്കരുത്.

കുഞ്ഞുങ്ങള്‍ക്ക് അധികമായി ഉപ്പ് കൊടുത്തു പഠിപ്പിക്കരുത്. ഒരു ദിവസം 10 ഗ്രാം വരെ ഉപ്പ് കുട്ടികളെ പൊതുവെ കഴിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് നാലില്‍ ഒരു ഭാഗമാക്കുക. അച്ചാറുകള്‍, പപ്പടം, സോസുകള്‍, ബട്ടര്‍, ബ്രെഡ്, കേക്ക്, ബിസ്‌കറ്റ് എന്നിവയെല്ലാം ഉപ്പിന്‍റെ കലവറകളാണ്. രണ്ടു പപ്പടത്തില്‍ ഒന്നര ഗ്രാം ഉപ്പാണ് ചേര്‍ന്നിരിക്കുന്നത്. രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, ആമാശയ അര്‍ബുദം, എല്ലുകളുടെ ബലക്കുറവ് എന്നിവക്കും ഉപ്പിന്‍റെ കൂടുതല്‍ ഉപയോഗം വഴിവെക്കും.





ഇന്നത്തെ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ ഭക്ഷണരീതികള്‍ പിന്തുടരുന്നത് ശ്രമകരമായ ഒന്നാണ്. പക്ഷെ ആരോഗ്യസമ്പന്നമായ മികച്ചൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം ഭക്ഷണ രീതികള്‍ ശീലിക്കുകയും കഴിയുംവിധം മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും വേണം. കുഞ്ഞിന്‍റെ ആരോഗ്യം മാതാപിതാക്കള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ളതാണല്ലോ...





TAGS :

Next Story