Quantcast

അലർജി മുതൽ വൃക്ക തകരാർ വരെ; പ്രോട്ടീൻ പൗഡറിന്‍റെ പാര്‍ശ്വഫലങ്ങള്‍

പ്രോട്ടീൻ പൗഡർ കൂടുതൽ കഴിച്ചാൽ മസിൽ കൂടുമെന്നത് തെറ്റിദ്ധാരണയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-19 07:48:22.0

Published:

19 Oct 2022 7:47 AM GMT

അലർജി മുതൽ വൃക്ക തകരാർ വരെ;  പ്രോട്ടീൻ പൗഡറിന്‍റെ പാര്‍ശ്വഫലങ്ങള്‍
X

സ്ഥിരമായി ജിമ്മില്‍ പോകുന്നവരില്‍ ഭൂരിഭാഗവും പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് പ്രോട്ടീന്‍ പൗഡര്‍. വര്‍ക്കൗട്ടിന് ശേഷമാണ് കൂടുതല്‍ പേരും ഇതുപയോഗിക്കുന്നത്. മറ്റു ചിലരാകട്ടെ മസില്‍ വരാനുള്ള കുറുക്കുവഴിയായിട്ടാണ് പ്രോട്ടീന്‍ പൗഡറിനെ ആശ്രയിക്കുന്നത്. എന്നാല്‍ പ്രോട്ടീൻ പൗഡർ കൂടുതൽ കഴിച്ചാൽ മസിൽ കൂടുമെന്നത് തെറ്റിദ്ധാരണയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രോട്ടീന്‍ പൗഡര്‍ എത്രത്തോളം നല്ലതാണ്

ഫിറ്റ്നസ് ഉള്ളവർക്ക്, പ്രോട്ടീൻ സപ്ലിമെന്‍റ് കഴിക്കുന്നത് അനിവാര്യമാണെന്നാണ് പലരും കരുതുന്നത്. എന്നിരുന്നാലും, എല്ലാവർക്കും പ്രോട്ടീൻ സപ്ലിമെന്‍റുകള്‍ ആവശ്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിന് പ്രതിദിനം ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 മുതൽ ഒരു ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്. സാധാരണയായി സ്‌കൂപ്പുകളിൽ അളക്കുന്ന പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്ന ആളുകൾ ഒരു സ്‌കൂപ്പിൽ 15 മുതൽ 25 ഗ്രാം വരെ പ്രോട്ടീൻ ഉപയോഗിക്കുന്നു. ''ഈയിടെ, ഒരു രോഗി താന്‍ പ്രോട്ടീൻ കഴിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പ്രതിദിനം നാല് സ്‌കൂപ്പുകൾ എടുക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഓരോ സ്കൂപ്പിലെയും പ്രോട്ടീന്‍റെ അളവ് ഏകദേശം 20 ഗ്രാം ആയിരുന്നു. സപ്ലിമെന്‍റില്‍ നിന്ന് മാത്രം ആവശ്യമുള്ളതിനെക്കാൾ വളരെ കൂടുതലാണ് അയാൾ കഴിക്കുന്നത്. അയാള്‍ നല്ല ഭക്ഷണക്രമം പിന്തുടരുന്ന ദിവസങ്ങളിൽ, മൊത്തത്തിലുള്ള പ്രോട്ടീൻ ഉപഭോഗം ഒരു കിലോ ശരീരഭാരത്തിന് രണ്ടോ മൂന്നോ ഗ്രാം വരെ ഉയരും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും'' ന്യൂട്രീഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് അംഗം ഡോ.ജാനകി ശ്രീനാഥ് പറഞ്ഞു.

ഒരു രോഗിക്ക് പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതിരിക്കുമ്പോഴോ അല്ലെങ്കിൽ പേശികളെ തളർത്തുന്ന അവരുടെ ദിനചര്യയിൽ കഠിനമായ വ്യായാമങ്ങൾ ഉണ്ടാകുമ്പോഴോ മാത്രമേ ഭക്ഷണ സപ്ലിമെന്‍റുകള്‍ ആവശ്യമുള്ളൂവെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. "ഒരു സോഫ്‌റ്റ്‌വെയർ പ്രൊഫഷണലിന് ഫിറ്റും ആരോഗ്യവാനും ആയിരിക്കാൻ, സപ്ലിമെന്‍റ് ആവശ്യമില്ല. ഒന്നോ രണ്ടോ മണിക്കൂർ വർക്കൗട്ട് ചെയ്താലും ഭക്ഷണ സപ്ലിമെന്‍റുകള്‍ വേണമെന്നില്ല. ബോഡി ബിൽഡർമാർക്കോ കായികതാരങ്ങൾക്കോ ​​മാത്രമേ ഇത് ആവശ്യമുള്ളൂ," ഹൈദരാബാദിലെ യശോദ ആശുപത്രിയിലെ സീനിയർ ന്യൂട്രീഷ്യനിസ്റ്റ് ഡോ.പ്രേമലത പറഞ്ഞു. തീവ്രമായ വ്യായാമം ചെയ്യുന്നവർക്ക് പോലും പ്രോട്ടീൻ സപ്ലിമെന്‍റുകള്‍ നിർദ്ദേശിക്കുന്നതിന് മുമ്പ് വ്യായാമത്തിന്‍റെ രീതി, ദൈർഘ്യം തുടങ്ങിയ നിരവധി പാരാമീറ്ററുകൾ വിലയിരുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.വ്യായാമത്തിന് ശേഷം അവർ ദുർബലരും ക്ഷീണിതരും ആകാൻ സാധ്യതയുള്ളതിനാൽ അവർക്ക് സപ്ലിമെന്‍റുകള്‍ ആവശ്യമാണ്. ഗ്യാസ് സംബന്ധിയായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പഴങ്ങളും പച്ചക്കറികളും എപ്പോഴും കഴിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ശ്വഫലങ്ങള്‍

ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നത് വൃക്കകൾക്ക് ഭാരമാകും.പ്രോട്ടീനുകൾ പതിവായി കഴിക്കുന്നത് ഇൻട്രാഗ്ലോമെറുലാർ മർദ്ദം വർധിപ്പിക്കും. ഇത് വൃക്കകളുടെ പ്രവർത്തനം മോശമാക്കുന്നു. അതിനാല്‍ പ്രോട്ടീനുകള്‍ കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. കൃത്യമായ നിര്‍ദേശമില്ലാതെ പ്രോട്ടീന്‍ കഴിച്ച് അവശനിലയിലായ യുവാക്കളെയും കൗമാരക്കാരെയും താന്‍ കണ്ടിട്ടുണ്ടെന്ന് പ്രേമലത പറയുന്നു. അസ്ഥികളുടെ നിർജ്ജലീകരണം, ഫാറ്റി ലിവർ, വൃക്ക തകരാര്‍, ഉയർന്ന യൂറിക് ആസിഡ് , ദഹനനാളത്തിന്‍റെ പ്രശ്നങ്ങൾ, മൈക്രോ ന്യൂട്രിയന്‍റ് കുറവ് എന്നിവ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. പലപ്പോഴും കണ്ടുപിടിക്കപ്പെടാതെ പോകുന്ന മറ്റ് പല പാർശ്വഫലങ്ങളും ഉണ്ടാകാമെന്നും പോഷകാഹാര വിദഗ്ധർ പറഞ്ഞു. ''മിക്ക കേസുകളിലും ഡോക്ടറെ സമീപിക്കുക കുറവാണ്. അതുകൊണ്ട് ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. പോകുന്നു. ഇതുമൂലം ഇത്തരം കേസുകളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെടുന്നില്ല," ജാനകി പറഞ്ഞു.

TAGS :

Next Story