ചൂട് അസഹ്യം! സൂര്യാഘാതമേൽക്കാൻ സാധ്യത; പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്യുന്ന സുരക്ഷാ മാർഗങ്ങൾ
രാജ്യത്ത് ഉഷ്ണ തരംഗം ശക്തി പ്രാപിക്കുകയാണ്. പ്രധാനമായും ഉത്തരേന്ത്യയിയിൽ ഇനിയും ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഒന്നര മാസത്തിനുള്ളിൽ നാല് തവണ വരെ ഉഷ്ണ തരംഗം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എപ്പോഴാണ് ഇന്ത്യ ഉഷ്ണതരംഗത്തിലേക്ക് കടക്കുന്നത്?
ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ സമതല പ്രദേശങ്ങളിൽ താപനില കുറഞ്ഞത് 40 ഡിഗ്രിയോ അല്ലെങ്കിൽ അതിൽ കൂടുതലോ തുടരുമ്പോഴും തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിൽ കൂടുതലോ തുടരുമ്പോഴും ആ മേഖല ഉഷ്ണ തരംഗത്തിലേക്കു കടക്കുന്നു. എന്നാൽ മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രിയിൽ കൂടുമ്പോൾ ഉഷ്ണ തരംഗത്തിലേക്ക് കടന്നതായി കണക്കാക്കുന്നു.
ഏപ്രിലിൽ വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ ശരാശരി പരമാവധി താപനില 35.6 ഡിഗ്രീ സെൽഷ്യസായിരുന്നു. ഏറെ കാലമായുള്ള ശരാശരിയേക്കാൾ 3.35 ഡിഗ്രി കൂടുതലാണ് ഈ മാസമുള്ള ശരാശരി. 2010 ഏപ്രിലിൽ രേഖപ്പെടുത്തിയ 35.4 ഡിഗ്രി സെൽഷ്യസെന്ന റെക്കോർഡ് താപനില ഈ വർഷം മറികടന്നിരിക്കുകയാണ്.
മധ്യ ഇന്ത്യയിൽ 37.78 ഡിഗ്രി സെൽഷ്യസാണ് ഏപ്രിലിൽ താപനിലയുള്ളത്. 1973 ലുണ്ടായ 37.75 ഡിഗ്രി ശരാശരിയേക്കാൾ കൂടുതലാണിത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ താപനിലയും സാധാരണയിലും കൂടുതലാണ്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 19.44 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ ശരാശരി താപനില. ദീർഘകാലമായുണ്ടായിരുന്ന ശരാശരിയേക്കാൾ 1.75 കൂടുതലാണിത്. ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില മേയിലും ഇതേപടി തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സ്വയരക്ഷക്കായ് ഈ മാർഗങ്ങൾ സ്വീകരിക്കാം
ചൂട് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് പല തരത്തിലുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്യുന്നു.
. വെയിലുള്ള സമയങ്ങളിൽ പുറത്ത് ഇറങ്ങി നടക്കാതിരിക്കുക.
. പുറത്ത് പോകുമ്പോൾ കുട, തൊപ്പി, തൂവാല തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുക.
. ഇളം നിറമുള്ളതും നേർത്തതുമായ ആയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
. ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട പാനീയങ്ങളും പഴച്ചാറുകളും കഴിക്കുക.
. ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ ധാരാളം ജലാംശമടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക.
. വീട്ടകങ്ങളിൽ ധാരാളം ഇൻഡോർ പ്ലാന്റുകൾ വെച്ചു പിടിപ്പിക്കുക.
. കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രശ്‌നമുള്ളവർ തുടങ്ങിയവർക്ക് പ്രത്യേക
പരിരക്ഷ നൽകുക.
ഇക്കാര്യങ്ങൾ ഉപേക്ഷിക്കുക
. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ പതിക്കുന്ന സ്ഥലങ്ങളിൽ നിന്നുകൊണ്ട് കഠിനമായ ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക.
. മദ്യം,ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഉപേക്ഷിക്കുക.
. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കുട്ടികൾ, വളർത്തുമൃഗങ്ങൾ എന്നിവരെ വാഹനത്തിനുള്ളിലാക്കി പോകുന്നത് ഒഴിവാക്കുക.
. ഇരുണ്ട നിറമുള്ള ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
Adjust Story Font
16