വെറുംവയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ
രാവിലെ കാപ്പി കുടിച്ചുകഴിഞ്ഞാൽ പ്രഭാതഭക്ഷണം കഴിക്കുന്നത് വൈകിപ്പിക്കരുത്
രാവിലെ തന്നെ ഒരു കാപ്പി, ചിലർക്കത് നിർബന്ധമാണ്. എഴുന്നേറ്റാലുടൻ തന്നെ ഒരു കാപ്പി കുടിച്ചില്ലെങ്കിൽ ദിവസം നന്നാകില്ലെന്ന ധാരണയുള്ളവരും കുറവല്ല. ദിവസേന കാപ്പി കുടിക്കുന്നതിന്റെയും പ്രത്യേകിച്ച് അതിന്റെ അളവിനെ കുറിച്ചും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ആരോഗ്യത്തിന് നല്ലതാണോ എന്നതാണ് പ്രധാന വിഷയം. എന്നാൽ, കഫീൻ (കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം) മെറ്റബോളിസത്തിന്റെ വേഗത ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും ഇത് പലപ്പോഴും ജനിതക വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചിലർക്ക് രാവിലെ കാപ്പി കുടിക്കുമ്പോൾ ഉന്മേഷം ലഭിക്കുന്നതും മറ്റുള്ളവർക്ക് പോസിറ്റിവ് ഫലങ്ങളൊന്നും ലഭിക്കാത്തതും ഇതുമൂലമാണ്. "സാധാരണയായി ആളുകൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് രാവിലെ ആദ്യം കാപ്പി കുടിക്കുന്നത്. വ്യായാമ പ്രകടനം വർദ്ധിപ്പിക്കുന്നു എന്നതിനാൽ നിരവധി ഫിറ്റ്‌നസ് പ്രേമികളും കാപ്പി കൂടുതലായി കുടിക്കുന്നുണ്ട്"; ബാംഗ്ലൂരിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ & ഡയറ്ററ്റിക്‌സ് മേധാവി ഡോ.എഡ്വിന രാജ് പറയുന്നു.
കാപ്പി വേഗത്തിൽ മെറ്റബോളിസീകരിക്കുന്ന ആളുകൾക്ക് മികച്ച ഫലങ്ങൾ ഉണ്ടാകുമെന്നും കഫീന്റെ സ്വാധീനം അത്തരം വ്യക്തികളിൽ കൂടുതലാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, കഠിനമായ ആമാശയ അസ്വസ്ഥത, വയറ്റിലെ അൾസർ അല്ലെങ്കിൽ മലവിസർജ്ജന ബുദ്ധിമുട്ട് എന്നിവയുള്ളവർ കഫീൻ അധികം കഴിക്കരുതെന്ന് ഡോക്ടർ പറയുന്നു. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ആമാശയ സ്രവണം വർദ്ധിപ്പിക്കും എന്നതിനാലാണിത്.
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ആമാശയത്തിന്റെ സ്വയം പരിരക്ഷിക്കാനുള്ള കഴിവുണ്ട്. ആമാശയത്തിന് ശക്തമായ ഒരു കവചമുണ്ട്, ഇതാണ് ആമാശയത്തിന്റെ പാളിയെ സംരക്ഷിക്കുന്നത്. ദിവസം മുഴുവൻ കട്ടിയുള്ള പദാർഥങ്ങളാണ് നാം കഴിക്കുന്നത്. അതിനാൽ ആമാശയത്തിന്റെ പ്രതിരോധം തകർക്കാൻ വളരെ വിഷാംശമുള്ള മൂലകം വേണ്ടിവരുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഡേവിസ് സ്കൂൾ ഓഫ് മെഡിസിനിലെ ഫിസിയോളജി ആൻഡ് മെംബ്രൻ ബയോളജി പ്രൊഫസറായ ഡോ. കിം ബാരറ്റ് പറയുന്നു.
കഫീൻ മെറ്റബോളിസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇത് നെഞ്ചെരിച്ചിലും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. രാത്രിസമയങ്ങളിൽ കാപ്പികുടിക്കുന്നത് ഉറക്കം തടസപ്പെടുത്തുന്നതിനും ഉറക്കത്തിനിടെ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. ഗ്യാസ് ട്രബിൾ ഉള്ളവർ ഒരിക്കലും വെറുംവയറ്റിൽ കാപ്പി കുടിക്കാൻ നിൽക്കരുത്. ഇത് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ തടസ്സപ്പെടുത്തും. കഫീൻ നേർപ്പിക്കാൻ കാപ്പി പാലിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കണം. എന്നിരുന്നാലും രാവിലെ കാപ്പി കുടിച്ചുകഴിഞ്ഞാൽ പ്രഭാതഭക്ഷണം കഴിക്കുന്നത് വൈകിപ്പിക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
പലരും കാപ്പിയെ വെറുക്കുന്നുണ്ടെങ്കിലും, ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് വലിയ ദോഷം ചെയ്യില്ലെന്ന് ഓർമ്മിക്കേണ്ടതാണ്. നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കാപ്പി കുടിക്കുകയാണ് വേണ്ടത്. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നുവെങ്കിൽ ഈ ശീലം ഒഴിവാക്കുന്നതാണ് ഉചിതം.
Adjust Story Font
16