പ്രമേഹ രോഗികള്‍ക്ക് പാൽ കുടിക്കാമോ? വിദഗ്ധരുടെ അഭിപ്രായമിങ്ങനെ
പാലും മറ്റ് പാലുൽപ്പന്നങ്ങളും കഴിക്കുന്നവരിൽ പ്രമേഹത്തിന്റെ വ്യാപനം കുറവായിരുന്നെന്ന് പഠനറിപ്പോർട്ടുകൾ തെളിയിച്ചിട്ടുണ്ട്
പ്രമേഹരോഗികൾ അവരുടെ ഭക്ഷണശീലത്തിൽ അൽപം അധികം ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർമാർ പൊതുവെ ഉപദേശിക്കാറുണ്ട്. ശരിയായ ഭക്ഷണ ശീലം പല സങ്കീർണതകളും ഒഴിവാക്കും.സമീകൃതാഹാരവും കൊഴുപ്പ് കുറഞ്ഞതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും.
വിവിധതരം ധാന്യങ്ങൾ, പച്ച ഇലക്കറികൾ, പ്രോട്ടീൻ, പരിപ്പ്, വിത്തുകൾ എന്നിവയെല്ലാം പ്രമേഹ സൗഹൃദ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. അതേസമയം, പ്രമേഹമുള്ളവർക്ക് പാൽ കുടിക്കാമോ എന്ന് പലരുടെയും സംശയമാണ്. പാലിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കഴിയുന്ന കൊഴുപ്പുകളുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം തന്നെ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്.ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർ കൊഴുപ്പില്ലാത്ത പാൽ കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നത്.
എന്നാൽ ഓരോ വ്യക്തിയുടെയും ആരോഗ്യ അവസ്ഥ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്ന പാൽ കഴിച്ചതിനുശേഷം അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം. പാൽ കുടിച്ചശേഷവും ഷുഗർ ലെവൽ കൂടുന്നില്ലെങ്കിൽ മാത്രം അത് തുടരുകയും ചെയ്യാം. പാൽ കുടിച്ചതുകൊണ്ട് പ്രമേഹമുണ്ടാകുമെന്നോ പ്രമേഹം വഷളാക്കുമെന്നോ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. വി. മോഹൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
പ്രമേഹമുള്ളവർക്ക് എത്ര പാൽ കുടിക്കാം
പ്രമേഹരോഗികൾ ദിവസം ഒരു ഗ്ലാസ് പാൽകുടിക്കുന്നതാണ് ഉത്തമം. കൂടുതൽ പാൽകുടിക്കുന്നത് ഒഴിവാക്കണമെന്നും ഡോ.മോഹൻ പറയുന്നു. ഒന്നിലധികം ഗ്ലാസ് പാൽ കഴിച്ചാൽ അത് പാർശ്വഫലങ്ങൾ ഉണ്ടാകാം. പാൽ അലർജിയുള്ളവർ പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കണമെന്നും മോഹൻ മുന്നറിയിപ്പ് നൽകി. പാലും മറ്റ് പാലുൽപ്പന്നങ്ങളും കഴിക്കുന്നവരിൽ പ്രമേഹത്തിന്റെ വ്യാപനം കുറവായിരുന്നെന്ന് പഠനറിപ്പോർട്ടുകൾ തെളിയിച്ചിട്ടുണ്ട്. 20-ലധികം രാജ്യങ്ങളിലും 5 ഭൂഖണ്ഡങ്ങളിലും ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിൽ പാലും പാലുൽപന്നങ്ങളും കഴിക്കുന്നവരിൽ പ്രമേഹം, പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം എന്നിവ കുറവാണെന്നാണ് കണ്ടെത്തിയത് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16