കുഞ്ഞുങ്ങളിലെ വയറിളക്കം; പേടി വേണ്ട, മരുന്ന് വീട്ടിലുണ്ട്
90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഇന്ന് ലോക ഒ ആര്‍ എസ് ദിനം
ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗ നിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായാണ് ലോകം ജൂലൈ 29 ഒ ആര്‍ എസ് ദിനമായി ആചരിക്കുന്നത്.
90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയ ചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരു വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഒ ആര്‍ എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. രോഗികള്‍ക്ക് ലവണാംശമുള്ള ഒ ആര്‍ എസ് നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ ആര്‍ എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ ആര്‍ എസ് ലായനി നല്‍കണം. അമിതമായ വയറിളക്കം, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഒ.ആര്‍.എസ് ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ ആര്‍ എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും.
Adjust Story Font
16