Quantcast

പാൽ പ്രേമിയോ? ഹൃദയം പണിതരുമെന്ന് പുതിയ പഠനങ്ങൾ

പാലുൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം ഹൃദ്രോഗ രോഗിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-11-08 06:31:21.0

Published:

8 Nov 2022 2:51 AM GMT

പാൽ പ്രേമിയോ? ഹൃദയം പണിതരുമെന്ന് പുതിയ പഠനങ്ങൾ
X

ന്യൂഡൽഹി: നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് പാലും പാലുൽപ്പനങ്ങളും. ചീസ്, വെണ്ണ, മിൽക്ക് ഷേക്കുകൾ, തൈര് തുടങ്ങിയ വിവിധ രൂപങ്ങളിൽ പാൽ നമ്മളുടെ തീൻമേശയിലെത്തുന്നുണ്ട്. കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വൈറ്റമിൻ ബി 12 തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവയെല്ലാം. അതുകൊണ്ട് തന്നെ പാൽകുടിക്കുന്നത് ശീലമാക്കാനാണ് പൊതുവെ നിർദേശിക്കാറ്.എന്നാൽ പുതുതായി നടത്തിയ ഒരു പഠനത്തിന്റെ കണ്ടെത്തലുകൾ പാലിഷ്ടപ്പെടുന്നവർക്ക് അത്രനല്ല വാർത്തയല്ല നൽകുന്നത്.


പാലുൽപ്പന്നങ്ങൾ വാസ്തവത്തിൽ ഹൃദയത്തിനെ ദോഷമായി ബാധിക്കുമെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്. ശരാശരി 61.8 വയസ്സുള്ള 1929 രോഗികളെ നിരീക്ഷിച്ചും വിശകലനം ചെയ്തുമാണ് ഈ നിഗമനത്തിലെത്തിയത്.

അവരുടെ മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുൽപ്പന്നങ്ങളുടെ ഉപഭോഗം തുടങ്ങി ഈ രോഗികളുടെ ജീവിതരീതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. കൂടുതൽ പാലുൽപ്പന്നങ്ങൾ കഴിക്കുന്നവർക്ക് സ്‌ട്രോക്കിനും മരണത്തിനും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച്, വെണ്ണ (ബട്ടർ) കഴിക്കുന്ന ആളുകൾക്ക് അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (എഎംഐ) വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. അതേസമയം ചീസ് കഴിക്കുന്നവർക്ക് അത്രത്തോളം ദോഷമില്ലെന്നും പഠനത്തിൽ പറയുന്നു.

പാലിലടങ്ങിയിരിക്കുന്ന ഉയർന്ന പൂരിത കൊഴുപ്പുകളും കൊളസ്‌ട്രോളുമാണ് ഹൃദയത്തിന് പണി തരുന്നത്. പാലുൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം ഹൃദ്രോഗ രോഗിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കൂടാതെ നേരത്തെയുള്ള മരണസാധ്യത വർധിപ്പിക്കുകയും ചെയ്യും. ഉയർന്ന അളവിൽ പാൽ കഴിക്കുന്നത്, ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതിനാൽ ഹൃദയാരോഗ്യം മോശമാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.


പാലും തൈരും താരതമ്യേന ഭാരം കുറഞ്ഞതും ആരോഗ്യത്തെ സഹായിക്കുന്ന പ്രീബയോട്ടിക്‌സുമാണ്. വെണ്ണയും ചീസും ഉയർന്ന കൊളസ്ട്രോളും പൂരിതവും ട്രാൻസ് ഫാറ്റുകളും ഉള്ളതിനാൽ അവയെ അനാരോഗ്യകരമായ വിഭാഗത്തിൽ പെടുന്നു. 100 ഗ്രാം വെണ്ണയിൽ 3 ഗ്രാം ട്രാൻസ് ഫാറ്റും 215 മില്ലിഗ്രാം കൊളസ്‌ട്രോൾ, 51 മില്ലിഗ്രാം പൂരിത കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്.

അതിനാൽ, ശരീരത്തിന് അനുയോജ്യമായ പാലുൽപ്പന്നങ്ങൾ മാത്രം കഴിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. പ്രത്യേകിച്ച് ഹൃദ്രോഗങ്ങൾ, ദഹനപ്രശ്‌നങ്ങൾ എന്നിവയുള്ള ആളുകള്‍. എന്നുകരുതി പാലും പാലുൽപ്പന്നങ്ങളും മൊത്തത്തിൽ ഒഴിവാക്കണമെന്നല്ല ഡോക്ടർമാർ പറയുന്നത്. മറ്റേത് ഭക്ഷണം പോലെത്തന്നെയും നിങ്ങളുടെ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

TAGS :

Next Story