പുതിയ രൂപത്തിൽ കോവിഡ്, പിന്നാലെ വൈറൽ പനിയും; പിടികൊടുക്കാതെ ശ്രദ്ധിക്കണം
തിരക്കേറിയ സ്ഥലത്തോ ആശുപത്രികളിലോ വെളിയിലോ സഞ്ചരിക്കുമ്പോൾ ആളുകൾ N95 ധരിക്കണം.
അവധിക്കാലമായില്ലേ, പുറത്തുപോകാനും ആവേശമേറും. പുതിയ പ്ലാനുകൾക്കൊപ്പം ആരോഗ്യത്തിലും വേണം ശ്രദ്ധ. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ1 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്. അതിനോടൊപ്പം ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ഇൻഫ്ലുവൻസ എന്നീ അസുഖങ്ങളും വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വൈറസുകൾ ഒരുവശത്ത് വ്യാപിക്കുമ്പോൾ മറുവശത്ത് സ്വയം സംരക്ഷണം ഒരുക്കേണ്ടത് പ്രധാനമാണ്. തണുത്ത കാലാവസ്ഥ മാത്രമല്ല, ഉയർന്ന തോതിലുള്ള വായു മലിനീകരണവും ഈ പകർച്ചവ്യാധികൾ വർധിക്കുന്നതിന് കാരണമാണ്. ഉയർന്ന തോതിലുള്ള വായു മലിനീകരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന തൊണ്ടവേദന, ചുമ, കഫം, ശ്വാസതടസ്സം, മൂക്കടപ്പ് എന്നീ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. ഇൻഫ്ലുവൻസ, ആർഎസ്‌വി, കൊവിഡ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് ഇതേ സമാന ലക്ഷണങ്ങളാണുള്ളതെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യം നിലനിർത്താനുള്ള ഏക മാർഗം കോവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരുക എന്നതാണ്. അതയായത്, പ്രാഥമിക മുൻകരുതലുകളായ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയവ. ഉയർന്ന നിലവാരമുള്ള മാസ്കുകളോ N95s പോലുള്ള റെസ്പിറേറ്ററുകളോ ധരിക്കുന്നത് അധിക പരിരക്ഷ നൽകും. പ്രത്യേകിച്ച് ഗുരുതര രോഗസാധ്യതയുള്ളവർക്ക്.
തിരക്കേറിയ സ്ഥലത്തോ ആശുപത്രികളിലോ വെളിയിലോ സഞ്ചരിക്കുമ്പോൾ ആളുകൾ N95 ധരിക്കണം. മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്നും ശ്വാസകോശ വൈറൽ അണുബാധകളിൽ നിന്നും N95 സംരക്ഷിക്കുമെന്നു ഡോക്ടർമാർ നിർദേശിക്കുന്നു. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുന്നത് അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
വീടിനുള്ളിലെ വായുപ്രവാഹവും വെന്റിലേഷനും മെച്ചപ്പെടുത്തുന്നത് വായുവിലൂടെ പകരുന്ന വൈറസുകളുടെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും. ജനാലകൾ തുറന്നിടുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഓണാക്കുക എന്നിവയാണ് മാർഗങ്ങൾ.
ധാരാളം വെള്ളം കുടിക്കുക. ദിവസം എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. തിവായി വ്യായാമം ചെയ്യുക. വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. കോവിഡുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ മെസേജുകളിൽ പരിഭ്രാന്തരാകരുത് എന്നതും പ്രധാനമാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽ തന്നെ തുടരുകയും പരിശോധന നടത്തുകയും ചെയ്യണം. ഉടൻ ചികിത്സ തേടേണ്ടതും പ്രധാനമാണ്.
Adjust Story Font
16