വീട്ടിലെ പൂച്ച സാർ നിങ്ങൾക്കൊപ്പമാണോ ഉറക്കം; ആ കിടപ്പത്ര ശരിയല്ല... ശ്രദ്ധിക്കണം
പൂച്ച മാത്രമല്ല പ്രശ്നക്കാരൻ, നായ ഉടമകൾക്ക് കൂർക്കം വലിയും മറ്റ് ഉറക്ക തകരാറുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. കൂടുതൽ ആളുകൾക്കും ഉറങ്ങാൻ മരുന്ന് ആവശ്യമായി വന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്
വളർത്തുമൃഗങ്ങളെ നമ്മൾ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അവ നമ്മെ സ്നേഹിക്കുന്നുണ്ടാവും. എത്രത്തോളം നന്നായി നോക്കുന്നോ അത്രത്തോളം അടുപ്പമുള്ളവയായിരിക്കും അവ. കാണുമ്പോൾ തന്നെ ഓടിവന്ന് തൊട്ടുരുമ്മി നിൽക്കുന്ന പട്ടിക്കുഞ്ഞുങ്ങളെയും പൂച്ചയേയും ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇഷ്ടമുണ്ടെങ്കിലും ഭയം കാരണം മൃഗങ്ങളെ അടുപ്പിക്കാത്തവരാകും കൂടുതൽ.
നായ അല്ലെങ്കിൽ പൂച്ച ഇവയാകും മിക്കവാറും വീടുകളിൽ വളർത്തുന്നത്. കെട്ടിയിട്ട് വളർത്താൻ അധികം ആരും ആഗ്രഹിക്കില്ലല്ലോ. പട്ടിയെ കെട്ടിയിട്ടേക്കുമെങ്കിലും പൂച്ചയെ ആരും കെട്ടിയിടാറില്ല. മച്ചിന്റെ മുകളിലും കിടക്കയിലുമൊക്കെ ചാടിക്കയറുന്നതിൽ പൂച്ചക്ക് പ്രത്യേക കഴിവ് തന്നെയാണ്.
ഇതിനെല്ലാം പുറമേ, എങ്ങനെയൊക്കെ പുറത്താക്കിയാലും രാത്രിയാകുമ്പോൾ പുതപ്പിനോട് ചേർന്ന് കിടന്ന് ഉറങ്ങാൻ കൃത്യമായി ഹാജർ വെച്ച് ഇവയെത്തും. വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോഴും അവയുമായി ഇടപഴകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഡോക്ടർമാർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പെറ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പലരും അമിതശ്രദ്ധ നൽകാറില്ല.
പക്ഷേ, സ്വന്തം കിടപ്പുമുറിയിൽ വളർത്തുമൃഗങ്ങൾ കയറിയിറങ്ങുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചേ പറ്റൂ. സുരക്ഷിതത്വവും ആശ്വാസവും നൽകാൻ വളർത്തുമൃഗങ്ങൾക്ക് കഴിയുമെന്നത് ശരിതന്നെ. എന്നാൽ, ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്ന രീതിയിൽ ആകരുതെന്നത് പ്രധാനമാണ്. വളർത്തുമൃഗങ്ങൾക്കൊപ്പം ഉറങ്ങുന്നത് ഉറക്കം തടസപ്പെടാൻ ഇടയാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
പൂച്ചകളെ വളർത്തുന്നവർക്കാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. പൂച്ചക്കൊപ്പം കിടന്നുറങ്ങുന്നവർക്ക് കാലിൽ വിറയൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. പൂച്ചയുടെ രോമം ഉള്ളിൽ ചെന്നാൽ വിറയൽ ഉണ്ടാകുമെന്ന് പഴമക്കാർ പറഞ്ഞ് പേടിപ്പിക്കാറുള്ളത് പോലെ. അത്ര ഗുരുതരമല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ടെന്നിലെ ഹാരോഗേറ്റിലുള്ള ലിങ്കൺ മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെൽത്ത് ആന്റ് റിസർച്ച് അസിസ്റ്റന്റ് പ്രൊഫസറായ പഠന നേതാവ് ലോറൻ വിസ്‌നിസ്‌കി ഉൾപ്പെടെയുള്ളവർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് ഒരു നായയും പൂച്ചയുമുണ്ടെന്നും തന്റെ ഉറക്കം തടസപ്പെടുന്നതിന്റെ പ്രധാനകാരണം ഇവ തന്നെയാണെന്നും ഡോക്ടർ പറയുന്നു. 2005-ലും 2006-ലും നടത്തിയ രാജ്യവ്യാപക ആരോഗ്യ സർവേയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങളും വിസ്‌നീസ്‌കിയും സഹപ്രവർത്തകരും നടത്തി.
വളർത്തുമൃഗങ്ങൾ ഉള്ളവരിൽ അസ്വസ്ഥത അനുഭവപ്പെടുക, വേണ്ടത്ര കണ്ണടയ്ക്കാതിരിക്കുക, ഉറങ്ങാൻ 15 മിനിറ്റിലധികം സമയമെടുക്കുക, രാത്രിയിൽ ശരാശരി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളതായി ഗവേഷണത്തിൽ കണ്ടെത്തി. പൂച്ച മാത്രമല്ല പ്രശ്നക്കാരൻ, നായ ഉടമകൾക്ക് കൂർക്കം വലിയും മറ്റ് ഉറക്ക തകരാറുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. കൂടുതൽ ആളുകൾക്കും ഉറങ്ങാൻ മരുന്ന് ആവശ്യമായി വന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
പൂച്ച ഉടമകൾക്കും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നായ്ക്കളേക്കാൾ പൂച്ചകൾ രാത്രി കൂടുതൽ ആക്റ്റീവ് ആയിരിക്കുന്നതാണ് ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. അതേസമയം, ഉറക്കം കളഞ്ഞാലും ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം ലഘൂകരിക്കുന്നതിനും സുരക്ഷിതത്വബോധം നൽകുന്നതിനും വളർത്തുമൃഗങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ മാനസികാരോഗ്യം നിലനിർത്തുന്നതിലും അവക്ക് പ്രത്യേക പങ്കുണ്ട്. എന്നാൽ, ഇത്തരത്തിൽ ഉറക്കം തടസപ്പെടുന്ന രീതിയിലേക്ക് പോകുകയാണെങ്കിൽ ശ്രദ്ധിക്കണം. കഴിവതും കിടപ്പറയിൽ നിന്ന് വളർത്തുമൃഗങ്ങളെ അകറ്റി നിർത്തുന്നതാണ് നല്ലതെന്ന് എൻ.വൈ.യിലെ ക്വീൻസിലുള്ള കോഹൻ ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ ഉറക്ക വിദഗ്ധനും പീഡിയാട്രിക് ന്യൂറോളജിസ്റ്റുമായ ഡോ. സഞ്ജീവ് കോത്താരെ പറയുന്നു. ആരോഗ്യം നിലനിർത്താൻ ഉറക്കം തന്നെയാണ് പ്രധാനമെന്നത് മറക്കരുത്.
- നല്ല ഉറക്കം കിട്ടാൻ ചില കാര്യങ്ങളും ഡോക്ടർ നിർദേശിക്കുന്നു:-
- കിടപ്പുമുറിയിൽ തണുപ്പ് നിലനിർത്തുക
- തെളിച്ചമുള്ള വെളിച്ചം ഒഴിവാക്കുക, പ്രത്യേകിച്ച് മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നുമുള്ള നീലവെളിച്ചം ഉറക്കം തടസ്സപ്പെടുത്തും
- ഉച്ചയുറക്കം അമിതമാകരുത്
- വൈകുന്നേരങ്ങളിൽ മനസിനെ അസ്വസ്ഥമാക്കുന്ന ചിന്തകൾ ഒഴിവാക്കുക
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് വ്യായാമം ചെയ്യരുത്
- ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം കാപ്പി പോലെയുള്ള കഫെയ്‌നുകൾ ഒഴിവാക്കുക
Adjust Story Font
16