Quantcast

സ്കൂള്‍ തുറക്കും മുമ്പ് കുഞ്ഞുങ്ങളെ ശീലിപ്പിക്കൂ, സുരക്ഷയ്ക്കായി ഈ കാര്യങ്ങള്‍

ഈ കോവിഡ് കാലത്ത് എന്താണ് നിങ്ങളുടെ ഏറ്റവും ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ പല കുട്ടികളും പറഞ്ഞത് സ്കൂള്‍ തുറക്കണം എന്നായിരുന്നു..

MediaOne Logo

ഖാസിദ കലാം

  • Published:

    16 Sep 2021 6:57 AM GMT

സ്കൂള്‍ തുറക്കും മുമ്പ് കുഞ്ഞുങ്ങളെ ശീലിപ്പിക്കൂ, സുരക്ഷയ്ക്കായി ഈ കാര്യങ്ങള്‍
X

കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു മഹാമാരിയുടെ കാലത്ത് കുഞ്ഞുങ്ങളുടെ സുരക്ഷ ഒഴിവാക്കാന്‍ സ്കൂളുകള്‍ അടച്ചിടുക തന്നെയായിരുന്നു പ്രായോഗിക മാര്‍ഗം. കഴിഞ്ഞ അധ്യയനവര്‍ഷം മുഴുവന്‍ നാം പഠനം നടത്തിയതും ഈ അധ്യയനവര്‍ഷം പഠനം നടത്തിക്കൊണ്ടിരിക്കുന്നതും ഓണ്‍ലൈനിലൂടെയാണ്. അതുവഴി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയില്ല എന്നത് ശരി തന്നെ. പക്ഷേ, സത്യത്തില്‍ സ്കൂളുകള്‍ അടഞ്ഞു കിടന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ മാത്രമാണോ ബാധിച്ചത്?

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ പല സംസ്ഥാനങ്ങളിലും തുറന്നുകഴിഞ്ഞു. സ്കുളുകള്‍ തുറക്കാമെന്ന ചര്‍ച്ചകളിലാണ് കേരളവും‍. കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ട സ്കൂളുകള്‍ തുറക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എന്തെല്ലാം മുന്‍കരുതലുകള്‍ നാം എടുക്കേണ്ടതുണ്ട്. സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ആശങ്കയേറെയാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. വര്‍ഷ വിദ്യാധരന്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.


സ്കൂള്‍ തുറക്കുമ്പോള്‍, കുട്ടികളുടെ സുരക്ഷയ്ക്കായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

ഏതെങ്കിലും ഒരു കാലത്ത് നമുക്ക് സ്കൂളുകള്‍ തുറക്കേണ്ടി വരും. എന്നാണ് ഈ തരംഗങ്ങള്‍ അവസാനിക്കുക എന്ന് ഒരു ഉറപ്പുമില്ല. പതുക്കെ പതുക്കെ ഒരു നോര്‍മല്‍ ജീവിതത്തിലേക്ക് നാം എത്തേണ്ടതുണ്ട്. രോഗപ്രതിരോധത്തിനുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടുതന്നെ കുട്ടികളെ ഘട്ടംഘട്ടമായി സ്കൂളുകളിലേക്ക് എത്തിക്കണം. ശരീര ശുചിത്വം പാലിക്കാന്‍ അവരെ പ്രേരിപ്പിക്കുക. മാസ്ക് കൃത്യമായി ഉപയോഗിക്കാനും സാനിറ്റൈസ് ചെയ്യാനും ഒരുപരിധിവരെ സാമൂഹിക അകലം പാലിക്കാനും കുട്ടികളെ പരിശീലിപ്പിച്ചെടുക്കണം.

കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന കോട്ടണ്‍ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിക്കുന്നതാണ് കുട്ടികള്‍ക്ക് നല്ലത്. കൈകൊണ്ട് മാസ്ക് ഇടയ്ക്കിടയ്ക്ക് തൊട്ടുതൊട്ട് കളിക്കരുതെന്ന് കുഞ്ഞിനെ ഓര്‍മപ്പെടുത്തണം, പരിചയമില്ലാത്ത സ്ഥലമോ, സാധനങ്ങളോ തൊട്ടു കഴിഞ്ഞാല്‍ കൈ കഴുകാന്‍ ഓര്‍മിപ്പിക്കുക, സമപ്രായക്കാര്‍ക്കൊപ്പം കളിക്കുകയാണെങ്കില്‍ മാസ്ക് ഒഴിവാക്കാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും ഓര്‍മപ്പെടുത്തുക, സ്കൂള്‍ വിട്ട് തിരിച്ചുവന്നാലും ശാരീരിക ശുചിത്വം പാലിക്കാനും നിര്‍ബന്ധിക്കുക, കൂടെ ബാഗും പുസ്തകങ്ങളും വീട്ടിലെ മറ്റ് വസ്തുക്കളുമായി ചേരാതെ മാറ്റിവെക്കാനും പഠിപ്പിക്കുക.


ഒരിക്കല്‍ കോവിഡ് വന്ന കുട്ടി , ഇനി സ്കൂളില്‍ പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

സമൂഹത്തില്‍ പലവിധത്തിലുള്ള വൈറസുകളുണ്ട്അ. തില്‍ പലതും ജലദോഷത്തിന്‍റെയോ പനിയുടെയോ രൂപത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വന്ന് പോയിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ അവരില്‍ രോഗപ്രതിരോധ ശക്തി ഉണ്ടാകാം. ചില ആളുകളിലെ രോഗപ്രതിരോധ ശക്തി വൈറസിനോട് ഹൈപ്പര്‍ ആയി പ്രതികരിക്കുന്നത് കൊണ്ടാണ് അസുഖം തീവ്രമാകുന്നത്. കുഞ്ഞുങ്ങളെ സംബന്ധിച്ച് അത്തരം സാധ്യതകള്‍ കുറച്ച് കുറവാണ്. 20 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് കോവിഡ് വരാനുള്ള സാധ്യതയെ അപേക്ഷിച്ച് 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് കോവിഡ് വരാനുള്ള സാധ്യത വളരെ കുറവാണ്.

ഒരുതവണ വന്നാല്‍ വീണ്ടും വരാന്‍ സാധ്യതയുള്ള ഇന്‍ഫെക്ഷനുകള്‍ തന്നെയാണ് ഇത്. അതുകൊണ്ടുതന്നെ മാസ്കും സാമൂഹിക അകലവും സാനിറ്റൈസറും എല്ലാം കുഞ്ഞുങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ പോസ്റ്റ് കോവിഡ് ലക്ഷണങ്ങളായ ക്ഷീണം, തലവേദന, മടുപ്പ്, പലതരം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുഞ്ഞുങ്ങളിലും കാണുന്നുണ്ട്. കൃത്യമായ റെസ്റ്റ്, ഭക്ഷണം, വെള്ളം എന്നിവ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട് എന്നും ഉറപ്പു വരുത്തണം.


പഠനം ഓണ്‍ലൈന്‍ ആയത്, വീടകത്തിനുള്ളിലായത് എത്രത്തോളം പ്രയാസമുണ്ടാക്കിയിട്ടുണ്ട് കുട്ടികള്‍ക്ക്?

കഴിഞ്ഞ കോവിഡ് കാലത്ത് മുന്നിലെത്തിയ കുട്ടികളോട്, ഒരു മാലാഖ മുന്നിലെത്തിയാല്‍ നിങ്ങള്‍ ചോദിക്കുന്ന മൂന്ന് ആഗ്രഹങ്ങള്‍ എന്തായിരിക്കും എന്ന് ചോദിച്ചപ്പോള്‍ പല കുട്ടികളും പറഞ്ഞത്, സ്കൂള്‍ തുറക്കണം എന്നാണ്. പഠിക്കാന്‍ മടിയുണ്ടായിരുന്നവരും, സ്കുളിനെ പേടിച്ചവരും, ടീച്ചറെ ഇഷ്ടമില്ലാത്തവരും എല്ലാം സ്കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. മുമ്പ് സ്കൂള്‍ ഫോബിക് ആയിരുന്ന കുട്ടികള്‍ക്കായിരുന്നു കൂടുതലും കൌണ്‍സിലിംഗ് നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സ്കൂളില്‍ പോകാന്‍ കഴിയാതെ അടച്ചിട്ട വീടുകളില്‍ സമ്മര്‍ദ്ദത്തിലായിപ്പോയ കുട്ടികള്‍ക്കാണ് കൌണ്‍സിലിംഗ് ആവശ്യമായി വരുന്നത്.

ഒരു പ്രയാസം വന്നാല്‍ അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ഒരു കപ്പാസിറ്റി ഉണ്ട് നമ്മുടെ സമൂഹത്തിന്. കഴിഞ്ഞ ഒരു ഒന്നരവര്‍ഷമായി നമ്മുടെ കുട്ടികള്‍ വീടിനകത്താണ് കഴിയുന്നത്. അധികം ആളുകളെ കാണുന്നില്ല. അവരുടെ ദിനചര്യ തന്നെ മാറിപ്പോയിട്ടുണ്ട്. എന്നിട്ടും നമ്മുടെ കുട്ടികള്‍ ഒരുപരിധിവരെ അതിനെ അതിജീവിച്ച് നില്‍ക്കുന്നുവെന്നത് വളരെ പോസിറ്റീവ് ആയ കാര്യമാണ്.

സത്യത്തില്‍ ഒരു സ്കൂള്‍ കുഞ്ഞിന് കൊടുക്കുന്നത് വെറും പഠനം മാത്രമല്ല. അടുപ്പങ്ങള്‍, ഇടപഴകലുകള്‍, കൊടുക്കല്‍ വാങ്ങലുകള്‍, കളികള്‍ അങ്ങനെ പലതും. കഴിഞ്ഞ ഒരുവര്‍ഷമായി അമിതവണ്ണമാണ് കുട്ടികളില്‍ കാണുന്ന വലിയൊരു പ്രശ്നം. തോന്നിയ സമയത്ത് കുട്ടികള്‍ കിടക്കുന്നു. തോന്നിയ സമയത്ത് കുട്ടികള്‍ എഴുന്നേല്‍ക്കുന്നു. കൃത്യമായ ദിനചര്യയില്ല രാവിലെ കഴിക്കേണ്ട ബ്രേക്ക്ഫാസ്റ്റ് ഉച്ചയ്ക്ക് കഴിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ ലോഗിന്‍ ചെയ്യുന്നു, പക്ഷേ, ക്ലാസ് കാണുന്നില്ല, ഇത്തരത്തിലുള്ള പലവിധ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുട്ടികളിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് കഴിയുന്നത്ര ശ്രദ്ധയോടെയും ശുചിത്വത്തോടെയും കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് എത്തേണ്ടത് വളരെ അത്യാവശ്യമാണ്.


'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത് പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ

Website: www.happykid.in

Instagram: www.instagram.com/happykidbabycare/

Facebook: www.facebook.com/happykidbabycare

TAGS :

Next Story