പഞ്ചസാര വില്ലനാണോ? ശർക്കരയാണോ ആരോഗ്യത്തിന് നല്ലത്; വിദഗ്ധർ പറയുന്നത് കേൾക്കൂ....
എമൽസിഫയറുകൾ, കളറിംഗ് ഏജന്റുകൾ, സ്റ്റെബിലൈസറുകൾ എന്നിവ ചേർത്തുള്ള പഞ്ചസാരയാണ് സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നത്
പഞ്ചാസാരയാണോ ശർക്കരയാണോ ആരോഗ്യത്തിന് നല്ലത് എന്ന ചർച്ച കാലങ്ങളായി തുടർന്നുവരുന്ന ഒന്നാണ്. പഞ്ചസാര ശരീരത്തിന് ഹാനികരമാണെന്നും പ്രമേഹം പോലുള്ള പല അസുഖങ്ങൾക്കും അത് കാരണമാകുമെന്നും പലരും പറയാറുണ്ട്. പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കണമെന്നും ഒരു കൂട്ടർ വാദിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി ചോദ്യങ്ങളും ഉയരാറുണ്ട്. ഇതിന് ഉത്തരവുമായി എത്തിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പഞ്ചസാരയാണോ ശർക്കരയാണോ നല്ലതെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.
ഒരു വ്യക്തി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കണോ എന്നതിന് അവരുടെ ഉത്തരം 'ശർക്കര പഞ്ചസാരയ്ക്ക് പകരമല്ല' എന്നായിരുന്നു. കാലവസ്ഥക്കും ഉണ്ടാക്കുന്ന വിഭവങ്ങൾക്കും അനുസരിച്ചാണ് പഞ്ചസാരയാണോ ശർക്കരയാണോ എന്ന് തീരുമാനിക്കേണ്ടത്. ഏത് വിഭവമുണ്ടാക്കുമ്പോഴും പാചകക്കുറിപ്പ് ആധികാരികമാണോ എന്ന് ഉറപ്പുവരുത്തണമെന്നും റുജുത ദിവേകർ പറയുന്നു.
ശൈത്യകാലങ്ങളിൽ ശർക്കരാണ് നല്ലത്. വേനൽകാലത്താകട്ടെ പഞ്ചസാരയും..വേനൽകാലത്ത് കൂടുതൽ ഉപയോഗിക്കുന്ന സർബത്തിലും മറ്റും ചേർക്കാൻ ശർക്കര തന്നയാണെന്നും റുജുത പറയുന്നു.
അതേസമയം, പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് ദിവേകർ മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളിലോ, ചായയിലോ കാപ്പിയിലോ ചേർക്കേണ്ട പഞ്ചസാര ഒഴിവാക്കേണ്ടതില്ല. അത് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കില്ല, ശരീരഭാരം കുറയ്ക്കാം, തെളിഞ്ഞ ചർമ്മം നിലനിർത്താം,' ദിവേകർ പറയുന്നു.
പഞ്ചസാര ഒഴിവാക്കണം എന്നത് ആളുകളുടെ ഭയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അത് ഒരു കച്ചവടതന്ത്രം കൂടിയാണെന്നും അവർ വ്യക്തമാക്കി.
*ചിപ്സ്,ബിസ്‌ക്കറ്റ് പോലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരത്തിന് ഗുണം ചെയ്യില്ല. കോളകൾ, ജ്യൂസുകൾ, ചോക്കലേറ്റുകൾ, കേക്കുകൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ജാം, കെച്ചപ്പ്, ബിസ്‌ക്കറ്റ് മുതലായവ പോലുള്ള പാക്കേജുചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കണം.
*വീട്ടിലെ സർബത്ത്, ചായ, കാപ്പി, പാചകം, ഉത്സവ വിഭവങ്ങൾ, ഹൽവ പോലുള്ള മധുരപലഹാരങ്ങൾ, ലഡു എന്നിവയിൽ ചേർക്കുന്ന പഞ്ചസാര ഉപേക്ഷിക്കേണ്ടതില്ല.
*ചായയിലോ കാപ്പിയിലോ പഞ്ചസാര ഒഴിവാക്കുന്നതിനുപകരം, പാക്കറ്റുകളിൽ നിന്ന് കഴിക്കുന്ന ബിസ്‌ക്കറ്റുകൾ ഒഴിവാക്കുക.
*എമൽസിഫയറുകൾ, കളറിംഗ് ഏജന്റുകൾ, സ്റ്റെബിലൈസറുകൾ എന്നിവ ചേർത്തുള്ള പഞ്ചസാരയാണ് സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ചേർക്കുന്നത്. ഇതൊന്നും മനുഷ്യർ കഴിക്കുന്ന ഭക്ഷണങ്ങളല്ല, എന്നാൽ ഇവ പാക്കറ്റ് ഭക്ഷണങ്ങളുടെ രുചിയും നിറവും കാലാവധിയുമെല്ലാം കൂട്ടാൻ ഉപയോഗിക്കുന്നു. ഇത് ആളുകളിൽ വീണ്ടും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
'ചുരുക്കത്തിൽ ശർക്കര പഞ്ചസാരയ്ക്ക് പകരമല്ല, നമ്മുടെ പാചകത്തിലും പാചകത്തിലും അതിന്റേതായ സ്ഥാനമുണ്ട്'; റുജുത ദിവേകർ പറയുന്നു.
Adjust Story Font
16