ആകെ കിളിപോയ അവസ്ഥ, ഒരു കാര്യം ചെയ്‌താൽ പൂർത്തിയാക്കാൻ കഴിയില്ല; മുതിർന്നവരിലെ എ.ഡി.എച്ച്.ഡി ലക്ഷണങ്ങൾ
എന്താണ് ചെയ്യാൻ വന്നതെന്നോ, എങ്ങനെയാണ് ചെയ്യേണ്ടതെന്നോ തുടങ്ങി ഒരു നൂറ് ചോദ്യങ്ങൾ മനസിലുണ്ടാകും. എ.ഡി.എച്ച്.ഡിയുടെ സാധാരണ ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ഈ ആശയക്കുഴപ്പം.
എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്) ADHD (Attention deficit hyperactivity disorder) കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്. ശ്രദ്ധക്കുറവ്, അമിതമായ വികൃതി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എന്നാൽ, കുട്ടികളിൽ മാത്രമല്ല ഈ അവസ്ഥ മുതിർന്നവരിലും കാണപ്പെടാറുണ്ട്. എന്തെങ്കിലും ചെയ്യാൻ മുതിരുമ്പോൾ പൊതുവെ ഒരു ആശയക്കുഴപ്പം അനുഭവപ്പെടാറുണ്ടോ. എന്താണ് ചെയ്യാൻ വന്നതെന്നോ, എങ്ങനെയാണ് ചെയ്യേണ്ടതെന്നോ തുടങ്ങി ഒരു നൂറ് ചോദ്യങ്ങൾ മനസ്സിൽ ഓടുന്നുണ്ടാകും. എ.ഡി.എച്ച്.ഡിയുടെ സാധാരണ ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ഈ ആശയക്കുഴപ്പം.
Minimal Brain Dysfunction (തലച്ചോറിന്റെ നേരിയ പ്രവര്‍ത്തനക്കുറവ്), Hyper Kinetic Syndron (ഹൈപ്പര്‍ കൈനറ്റിക് സിന്‍ഡ്രോം) എന്നീ പേരുകളിലും ഈ അവസ്ഥ അറിയപ്പെടാറുണ്ട്. ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട്, ഹൈപ്പർ ആക്ടിവിറ്റി, ആവേശകരമായ പെരുമാറ്റം എന്നിങ്ങനെയുള്ള സ്ഥിരമായ ചില പ്രശ്നങ്ങൾ എ.ഡി.എച്ച്.ഡി ബാധിതർ നേരിടുന്നുണ്ടാകും. ഒരു മാനസികാരോഗ്യ വൈകല്യമാണിതെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിലെ എഡിഎച്ച്ഡിക്ക് അസ്ഥിരത, ജോലിയിലെ മോശം പ്രകടനം, ആത്മാഭിമാനകുറവ് തുടങ്ങിയ വ്യത്യസ്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്.
അഡൾട്ട് എ.ഡി.എച്ച്.ഡി ഇന്നിത് അറിയപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ലക്ഷണങ്ങൾ കുട്ടിക്കാലം മുതൽ തന്നെ ആരംഭിച്ചിട്ടുണ്ടാകും. ചിലരിൽ കുട്ടിക്കാലത്ത് ലക്ഷണങ്ങളൊന്നും പ്രകടമായെന്ന് വരില്ല. എന്നാൽ, പ്രായപൂർത്തിയായതിന് ശേഷം ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുതുടങ്ങും. പ്രായമാകുംതോറും പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകുന്നതിനാൽ ഹൈപ്പർ ആക്ടിവിറ്റി മുതിർന്നവർ കാണിക്കാറില്ല. എന്നാൽ, ആവേശത്തോടെയും അസ്വസ്ഥതയോടെയും പെരുമാറുകയും ഒരു കാര്യത്തിൽ ശ്രദ്ധചെലുത്താൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
ലക്ഷണങ്ങൾ
ADHD ഉള്ള ചില ആളുകൾക്ക് ദൈനംദിന പ്രവർത്തനത്തെ പോലും തടസപ്പെടുത്തുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാവുക. ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട്, ആവേശം, അസ്വസ്ഥത എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇവ മിതമായത് മുതൽ ഗുരുതരമായത് വരെയാകാം. ഇങ്ങനെയൊരു പ്രശ്നമുള്ള കാര്യം പലരും തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാർഥ്യം.
മുതിർന്നവരിൽ കാണപ്പെടുന്ന എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങൾ ഇവയാണ്:-
- ആവേശം
- ക്രമരഹിതമായ പ്രവർത്തനങ്ങൾ
- സമയം കൈകാര്യം ചെയ്യാൻ കഴിയാതെ വരിക
- ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്
- ഒരേ സമയം പല ജോലികൾ ചെയ്യാൻ കഴിയാതെ വരിക
- ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മ
- ഇടയ്ക്കിടെ സ്വഭാവത്തിലുണ്ടാകുന്ന വ്യത്യാസം
- ജോലികൾ ചെയ്യുന്നതിലും പൂർത്തിയാക്കുന്നതിലും ബുദ്ധിമുട്ട്
- അമിതമായ ദേഷ്യം
- സമ്മർദ്ദം
എങ്ങനെ കണ്ടുപിടിക്കാം!
കുട്ടികളെക്കാൾ മുതിർന്നവരിൽ ADHD രോഗനിർണയം നടത്തുന്നത് പ്രയാസകരമാണ്. രോഗാവസ്ഥയുള്ളവർക്ക് പന്ത്രണ്ട് വയസിന് മുൻപ് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയേക്കാം. അശ്രദ്ധയുടെ അഞ്ച് ലക്ഷണങ്ങൾ സ്ഥിരമായി പ്രകടിപ്പിക്കുന്നുവെങ്കിൽ മുതിർന്നവരിൽ എ.ഡി.എച്ച്.ഡി എന്ന് ഉറപ്പിക്കാം. സമ്മർദ്ദം, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ, ശാരീരിക അവസ്ഥകൾ അല്ലെങ്കിൽ രോഗങ്ങൾ എന്നിവയും ചിലപ്പോൾ എ.ഡി.എച്ച്.ഡിയുടെ ഭാഗമാകാം. അതിനാൽ, രോഗലക്ഷണങ്ങളുടെ കാരണം നിർണ്ണയിക്കുന്നതിനും ഫലപ്രദമായ ചികിത്സകൾ തിരിച്ചറിയുന്നതിനും ഒരു ഹെൽത്ത് കെയർ പ്രൊവൈഡർ അല്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.
എഡിഎച്ച്‌ഡിക്കും അതുമായി ബന്ധപ്പെട്ട മറ്റ് മാനസികാരോഗ്യ അവസ്ഥകൾക്കും രോഗനിർണയവും ചികിത്സയും തേടുന്നത് വൈകരുത്. ലക്ഷണങ്ങൾ ഉണ്ടെന്ന് മനസിലാക്കിയാൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.
Adjust Story Font
16