Quantcast

ധൂമപാനം; രോഗങ്ങള്‍ പറപറക്കും ഔഷധപ്പുകയിലൂടെ

ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ആയുര്‍വേദത്തില്‍ പറയുന്ന ധൂമപാനം

MediaOne Logo

Web Desk

  • Updated:

    2022-02-03 03:48:57.0

Published:

3 Feb 2022 3:33 AM GMT

ധൂമപാനം; രോഗങ്ങള്‍ പറപറക്കും ഔഷധപ്പുകയിലൂടെ
X

ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിതചര്യയാണ്. അതില്‍ പ്രധാനമാണ് ധൂമപാനം. ഇന്‍ഹാലേഷന്‍ എന്ന് ആധുനികരീതിയില്‍ പറയപ്പെടുന്നു. ഔഷധപ്പുക ശ്വസിയ്ക്കുന്ന രീതിയാണിത്. ഈ രീതി പല രോഗങ്ങള്‍ക്കും ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒന്നാണ്. മുടി, ചര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമെല്ലാം ഈ രീതി ഫലപ്രദമാണ്.

ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ആയുര്‍വേദത്തില്‍ പറയുന്ന ധൂമപാനം.പുകവലിയുമായി ഇതിന് ബന്ധമില്ല. ഔഷധയുക്തമായ പുക മൂക്കിലൂടെയോ വായയിലൂടെയോ പ്രവേശിപ്പിക്കുന്നു. കഴുത്തിനുമുകളിലുള്ള രോഗങ്ങളെ തടയുവാന്‍ ഇതുകൊണ്ട് സാധിക്കും. ഏതു കാലാവസ്ഥയിലും ശീലിക്കാം.

ധൂമപാനം ഉണ്ടാക്കുന്ന രീതി


ഇതിനായി വെള്ള നിറത്തിലുള്ള നല്ല വൃത്തിയുള്ള കോട്ടന്‍ തുണിയെടുക്കുക. ഇതിലേയ്ക്ക് നെയ്യ് നല്ലതു പോലെ പുരട്ടിക്കൊടുക്കുക. ഇതിന്റെ മുകളില്‍ മഞ്ഞള്‍പ്പൊടി വിതറിക്കൊടുക്കണം. മഞ്ഞള്‍പ്പൊടി നല്ലതു പോലെ തേച്ചു പിടിപ്പിയ്ക്കുക. പിന്നീട് ഇതില്‍ തുളസിയെടുത്ത് ചതച്ച് അതിന്റെ നീരെടുത്ത് നല്ലതു പോലെ തേച്ചു പിടിപ്പിയ്ക്കണം. ഇത് വെയിലില്‍ വച്ച് നല്ലവണ്ണം ഉണക്കിയെടുക്കണം.

ഇങ്ങനെ ഉപയോഗിച്ചു നോക്കാം


ചെവികള്‍ക്കും കണ്ണുകള്‍ക്കും പുകയേല്ക്കാത്ത വിധത്തില്‍ ഒരു പ്രത്യേകരീതിയിലാണ് ധൂമനാഡിയുണ്ടാക്കുന്നത്. ധൂമനേത്രം എന്നതിലൂടെ വേണം ഇത് ശ്വസിയ്ക്കാന്‍. പുകയെടുക്കാന്‍ സഹായിക്കുന്ന ഒരു വസ്തുവാണിത്. ആയുര്‍വേദ കടകളില്‍ ലഭ്യമാകും. ഇതില്ലെങ്കില്‍ ഒരു കട്ടിയുള്ള പേപ്പര്‍ ചുരുട്ടി ഇതിനുള്ളില്‍ ഈ തിരി വച്ച് അറ്റം കത്തിച്ച് ഈ പുക ശ്വസിയ്ക്കാം. വല്ലാതെ കൂടുതല്‍ പുക ശ്വസിക്കരുത്. ഒരു മൂക്കിലൂടെ പുക ശ്വസിച്ച് വായിലൂടെ പുറത്ത് വിടുക. ഇത് മൂന്നു തവണ ചെയ്യണം. ഒരു മൂക്ക് അടച്ചു വച്ച് മറ്റേ നാസാദ്വാരത്തിലൂടെ പുകയെടുത്ത് വായിലൂടെ പുറത്തു വിടണം. ഇത് ഇരു നാസാദ്വാരങ്ങളിലൂടെയും അടച്ചു പിടിച്ച് പരീക്ഷിയ്ക്കാം. രണ്ടു നാസ്വാദ്വാരങ്ങളിലൂടെ ഒരുമിച്ച് എടുക്കരുത്.

ഈ രോഗങ്ങള്‍ക്കെല്ലാം പരിഹാരം


വാത, കഫ സംബന്ധമായ പ്രശ്നങ്ങള്‍ക്കാണ് പ്രധാനമായും ധുമപാനം ഉപയോഗിയ്ക്കുന്നത്. കണ്ണ്, ചെവി സംബന്ധമായ രോഗങ്ങള്‍ക്ക് ഏറെ ഫലപ്രാപ്തി നല്‍കുകയും വിട്ടുമാറാത്ത തലവേദന അകറ്റാനും ധൂമപാനം നല്ലൊരു പരിഹാരമാര്‍ഗമാണ്. മൂക്കിനുണ്ടാവുന്ന ചൊറിച്ചില്‍, ചെവി, കണ്ണ് എന്നിവിടങ്ങളില്‍ നിന്നും വെള്ളം വരിക, മൈഗ്രേന്‍, പല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം, അരുചി, വായക്കുണ്ടാകുന്ന ദുര്‍ഗന്ധം, കൂര്‍ക്കംവലി, ഒച്ചയടപ്പ് തുടങ്ങിയ പല രോഗങ്ങള്‍ക്കും ഈ മാര്‍ഗം ഉപയോഗിയ്ക്കുന്നു.

ഉപയോഗിക്കാവുന്ന പ്രത്യേക ഔഷധങ്ങള്‍


പ്രത്യേക ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള തിരികള്‍ കത്തിച്ച് ഇതില്‍ നിന്നുള്ള പുക ശ്വസിയ്ക്കുന്ന രീതിയ്ക്കാണ് ധൂമപാനം എന്നു പറയുന്നത്. ഇതിനായി ത്രിഫല, അകില്‍, കുന്തിരിക്കം, കോലരക്ക്, മഞ്ചട്ടി, ഗുഗ്ഗുലു, അകില്‍, മുത്തങ്ങ, ജടാമാഞ്ചി, ചെഞ്ചില്യം കൊന്നത്തൊലി നാല്‍പാമരാദി, വേപ്പില, ദശമൂലം തുടങ്ങിയ പല മരുന്നുകളും ധൂമപാനം ചെയ്യാന്‍ ഉപയോഗിയ്ക്കാറുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിയ്ക്കാനും ഇത് സഹായിക്കാറുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ക്കായി ഉപയോഗിയ്ക്കാവുന്ന ഒരു പ്രത്യേക തിരിയാണിത്. അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കാം.

ആര്‍ക്കൊക്കെ ഉപയോഗിക്കാം


സാധാരണഗതിയില്‍ കുട്ടികള്‍ക്ക് ധൂമപാനം ഉപയോഗിക്കാറില്ല. പതിനെട്ടുവയസ്സുമുതല്‍ ധൂമപാനം ചെയ്യാമെന്നാണ് ശാസ്ത്രവിധി. വാതവും കഫവും കലര്‍ന്ന അസുഖങ്ങളെങ്കില്‍ ഇതുപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കൃത്യമായ രീതിയില്‍ ചെയ്യുകയെന്നത് ഏറെ പ്രധാനമാണ്. ചില രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഈ രീതി ഉപയോഗിക്കുന്നത് ഗുണത്തേക്കാലേറെ ദോഷം ചെയ്യുന്നു. ആരോഗ്യവാനായ മനുഷ്യര്‍ക്കെല്ലാം ഇതുപയോഗിയ്ക്കാം. എന്നാല്‍ ചിലര്‍ക്ക് ഇതെടുക്കുന്നത് നല്ലതല്ല. പ്രത്യേകിച്ചും പിത്ത സംബന്ധമായ പ്രശ്നങ്ങലുള്ളവരാണെങ്കില്‍ ഇത് ഉപയോഗിക്കരുത്. വിഷാദരോഗം, മുന്‍പ് തലയില്‍ കഷതമേറ്റിട്ടുള്ളവരാണെങ്കില്‍, അതു പോലെ ഗര്‍ഭ്ണികളും ഇതുപയോഗിക്കുന്നത് നല്ലതല്ല. മൂക്കിലും വായിലുമെല്ലാം തന്നെ നമുക്ക് രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്.

ആരോഗ്യ ഗുണങ്ങള്‍


ഔഷധയുക്തമായ ധൂമപാനം വിധിയാംവണ്ണം ഉപയോഗിക്കുന്നവര്‍ക്ക് ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, തലവേദന, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ തടയുവാന്‍ ഒരു പരിധിവരെ സാധിക്കും. മുഖത്തിന് സുഗന്ധവുമുണ്ടാവും. മുടി, മീശ, പല്ലുകള്‍ ഇവയുടെ ദൃഢത കൂടാനും സംസാരം വ്യക്തമാവാനും കാഴ്ച, കേള്‍വി എന്നിവ നന്നാക്കുവാനും ഇതെല്ലാംകൊണ്ടുതന്നെ മനസ്സിന് പ്രസന്നത കൈവരുത്താനും സഹായിക്കും

TAGS :

Next Story