ഭക്ഷണം കഴിച്ചാലുടൻ പുക വലിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ
പുകവലി ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നിലവിലുണ്ട്, എന്നാൽ എന്തുകൊണ്ടാണ് ഭക്ഷണശേഷം പുകവലിക്കാൻ ഉള്ള നിയന്ത്രിക്കാനാകാത്ത പ്രവണത ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: പുകവലി ശീലമായ മിക്കവരുടെയും ദിനചര്യയുടെ ഭാഗമാണ് ഭക്ഷണം കഴിഞ്ഞാൽ ഉടനെയുള്ള പുകവലി. ഒഴിവാക്കാൻ പറ്റാത്ത വിധം പലരുടെയും ജീവിത ശൈലിയുടെ ഭാഗമായി ഈ ശീലം മാറിയിരിക്കുന്നു. പുകവലി ശരീരത്തിന് ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഭക്ഷണശേഷം പുകവലിക്കാൻ ഉള്ള നിയന്ത്രിക്കാനാകാത്ത പ്രവണത ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധർ.
ഭക്ഷണത്തിന് ശേഷം പുകവലിക്കാൻ തോന്നുന്നത് കേവലം ഒരു ആഗ്രഹം മാത്രമല്ലെന്നാണ് വിദഗ്ദർ പറയുന്നത്. ശരീരത്തിലെ ജൈവികവും മാനസികവും സാമൂഹികവുമായ ഘടകങ്ങൾ മൂലമാണ് മനുഷ്യനിൽ അത്തരമൊരു തൃഷ്ണ ഉണ്ടാകുന്നത്. താത്കാലിക സംതൃപ്തി നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഇത് മൂലം ഉണ്ടാവുക. പുകവലി ദിനചര്യയുടെ ഭാഗമായതിനാലാണ് പലരും ഭക്ഷണ ശേഷം പുകവലിക്കുന്നത്. ഇത് നിർത്തിയാൽ ദിനചര്യകൾ പോലും ചെയ്യുന്നതിൽ ചിലർക്ക് പ്രയാസം നേരിടും. എന്നാൽ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അത്തരമൊരു തോന്നൽ ഉണ്ടാവുന്നില്ല.
മനുഷ്യരിൽ സന്തോഷവും മാനസികമായ ആനന്ദവും ഉണ്ടാക്കുന്ന ഡോപ്പാമിൻ എന്ന ഹോർമോൺ ഉത്തേജിപ്പിക്കാനാണ് ആളുകൾ പുകവലിക്കുന്നത്. അത്കൊണ്ടാണ് വലിക്കുമ്പോൾ മാനസികനില മെച്ചപ്പെട്ടതായി തോന്നുന്നത്. പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, മധുരമുള്ള, പുളിയുള്ള ആഹാരങ്ങൾ എന്നിവ പുകവലിക്കാനുള്ള ത്വര കുറയ്ക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ ബിയർ, കോഫി, കൊഴുപ്പടങ്ങിയ ആഹാരങ്ങൾ എന്നിവ ഈ ത്വര കൂട്ടും.
ശീലമായി കഴിഞ്ഞാൽ പിന്നെ പുകവലിക്കാതിരിക്കുന്നത് ആളുകളിൽ ഉത്കണ്ഠയും നിരാശയും ഉണ്ടാക്കും. തലച്ചോറിൽ പുകവലി ഉണ്ടാക്കിയ സ്വാധീനം മൂലമാണിത്. നിക്കോട്ടിൻ ആണ് പുകയിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു. നിരന്തരമായ ഉപയോഗത്തിലൂടെ നിക്കോട്ടിൻ തലച്ചോറിന് ശീലമാകുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്ന് വിവിധ പഠനങ്ങൾ അടിവരയിടുന്നു. അതുമൂലമാണ് പുക വലിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നത് പോലെ, വലിക്കാതിരിക്കുമ്പോൾ ഉൽക്കണ്ഠയും തോന്നുന്നതെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു.
നിക്കോട്ടിന് വിശപ്പ് ഇല്ലാതാക്കാൻ കഴിയും എന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും പലരും പുകവലി ഉപയോഗിക്കുന്നുണ്ട്.
Adjust Story Font
16