ഉപഭോക്താവ് ഇഡ്ഡലിക്കായി ചിലവഴിച്ചത് 6 ലക്ഷം രൂപ; കണക്ക് പുറത്ത്‌വിട്ട് സ്വിഗ്ഗി
കഴിഞ്ഞ വർഷം 33 ദശലക്ഷം പ്ലേറ്റ് ഇഡ്ഡലികൾ വിതരണം ചെയ്തുവെന്ന് സ്വിഗ്ഗി
ഇന്ത്യയിൽ ഓരോ പ്രദേശത്തിനും അനുസൃതമായ ഭക്ഷണരീതിയാണ് നിലനിൽക്കുന്നത്. തെക്കേ ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളതും ആവശ്യക്കാർ കൂടുതലുമുള്ള വിഭവമാണ് ഇഡ്ഡലി. അതിന്റെ ജനപ്രീതി ഒരിക്കലും ദുർബലമായിട്ടില്ലെന്നാണ് ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് സ്വിഗ്ഗി പുറത്തിറക്കിയ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സ്വിഗ്ഗി 33 ദശലക്ഷം പ്ലേറ്റ് ഇഡ്ഡലികൾ വിതരണം ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്.
ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ചെയ്യപ്പെടുന്ന ലോകത്തിലെ ആദ്യ മൂന്ന് നഗരങ്ങളിൽ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഡൽഹി, കൊൽക്കത്ത, കൊച്ചി, മുംബൈ, കോയമ്പത്തൂർ, പൂനെ, വിശാഖപട്ടണം, തുടങ്ങിയ നഗരങ്ങളും തൊട്ടടുത്തുണ്ട്. ഹൈദരബാദിൽ നിന്നുള്ള ഉപഭോക്താവ് ഇഡ്ഡലിക്കായി കഴിഞ്ഞ വർഷം ചിലവഴിച്ചത് ആറ് ലക്ഷം രൂപയാണെന്ന് സ്വിഗ്ഗി അവകാശപ്പെട്ടു. ഇതേ ഉപഭോക്താവ് തന്നെ ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി കഴിഞ്ഞ വർഷം 8428 പ്ലേറ്റ് ഇഡ്ഡലികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും സ്വിഗ്ഗി വെളിപ്പെടുത്തി.
ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, കോയമ്പത്തൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ രാവിലെ 8 മണി മുതൽ 10 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ഇഡ്ഡലി വാങ്ങുന്നത്. പ്ലെയിൻ ഇഡ്ഡലി എല്ലാ നഗരങ്ങളിലും ഏറെ പ്രചാരമുളള വിഭവമാണ്. റവ ഇഡ്ഡലി മറ്റേതൊരു നഗരത്തേക്കാളും ബാംഗ്ലൂരിൽ കൂടുതൽ ജനപ്രിയമാണ്. മസാല ദോശ കഴിഞ്ഞാൽ സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെടുന്ന പ്രാതൽ ഇനമാണ് ഇഡ്ഡലി എന്നും വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉപഭോക്താക്കൾ തങ്ങളുടെ ഇഡ്ഡലികൾക്കൊപ്പം സാമ്പാർ, തേങ്ങാ ചട്ണി, കരംപുരി, മേടുവേട, സാഗു, നെയ്യ്, റെഡ് ചട്ണി, ജെയിൻ സാമ്പാർ, ചായ, കാപ്പി തുടങ്ങിയ വിഭവങ്ങൾ ഓർഡർ ചെയ്യാറുണ്ടെന്നും സ്വിഗ്ഗി കണ്ടെത്തി.
Adjust Story Font
16