മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി കുടുങ്ങി; 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച് പൊലീസ്
മോശം കാലാവസ്ഥയായിട്ടും മണാലിയെക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ കുറവൊന്നും ഉണ്ടായില്ല
ഷിംല: മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയ നിരവധിയാളുകൾ കനത്ത മഞ്ഞുവീഴ്‌ചയിൽ കുടുങ്ങി. സോളാങ് താഴ്‌വരയിൽ കുടുങ്ങിയ പതിനായിരത്തിലധികം വിനോദസഞ്ചാരികളെ ഹിമാചൽ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. 2000ത്തിലേറെ വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത നൂറ് കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു.
ഈ വാഹനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു കുണ്ഡ് വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ.
അതേസമയം, കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി അടൽ തുരങ്കത്തിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. 15 കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ഇവിടെ ഉണ്ടായിരുന്നത്. നാലുമണിക്കൂർ വരെ ആളുകൾക്ക് ബ്ലോക്കിൽ പെട്ട് കിടക്കേണ്ടിവന്നിരുന്നു.ഏതാനും വാഹനങ്ങൾ മഞ്ഞുമൂടിയ റോഡുകളിൽ നിന്ന് തെന്നിമാറിയത് സ്ഥിതി കൂടുതൽ വഷളാക്കി.
ഇത്രയും മോശം കാലാവസ്ഥയായിട്ടും മണാലിയെക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ കുറവൊന്നും ഉണ്ടായില്ല. മണാലിയിലെ ഹോട്ടലുകളിലെ താമസ നിരക്ക് 70 ശതമാനം വരെ ഉയർന്നു. മിക്ക ഹോട്ടലുകളും മറ്റ് താമസസൗകര്യങ്ങളും ഡിസംബർ 25നകം പൂർണമായും ബുക്ക് ചെയ്യപ്പെട്ടതായാണ് വിവരം.
അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ മഞ്ഞുവീഴ്‌ചയ്‌ക്ക് കാരണമാകുമെന്നതിനാൽ മേഖലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 28, 29 തീയതികളിൽ ഹിമാചൽ പ്രദേശിൻ്റെ മധ്യഭാഗത്തും ഉയർന്ന കുന്നുകളിലും നേരിയതോ മിതമായതോ ആയ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജാഗ്രതയോടെ വാഹനമോടിക്കാനും അമിത വേഗത ഒഴിവാക്കാനും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16