ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു
‘മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്’
representative image
മണ്ഡ്ല: ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു. ആദിവാസി ഭൂരിപക്ഷ മേഖലയായ മണ്ഡ്ലയിലാണ് സംഭവം.
സർക്കാർ ഭൂമിയിൽ നിർമിച്ച വീടുകളാണ് തകർത്തതെന്നും അനധികൃത ബീഫ് വ്യാപാരത്തിനെതിരായ നടപടിയുടെ ഭാഗമായാണിതെന്നും പൊലീസ് അറിയിച്ചു. നൈൻപുരിലെ ഭൈൻവാഹി പ്രദേശത്ത് കശാപ്പിനായി നിരവധി പശുക്കളെ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മണ്ഡ്‍ല എസ്.പി രജത് സക്ലേച പറഞ്ഞു.
പ്രതികളുടെ വീട്ടുമുറ്റത്ത് 150 പശുക്കളെ കെട്ടിയിട്ടതായി കണ്ടെത്തി. 11 പ്രതികളുടെയും വീട്ടിലെ ഫ്രിഡ്ജിൽനിന്ന് പശു മാംസം പിടിച്ചെടുത്തു. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ തൊലി, എല്ലുകൾ എന്നിവ മുറിയിൽ കൂട്ടിയിട്ടതായും കണ്ടെത്തി. പിടിച്ചെടുത്ത മാംസം ബീഫാണെന്ന് സർക്കാർ മൃഗഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനക്കായി സാമ്പിളുകൾ ഹൈദരാബാദിലേക്ക് അയച്ചിട്ടുണ്ട്. 11 പ്രതികളുടെയും വീടുകൾ സർക്കാർ ഭൂമിയിലായതിനാലാണ് തകർത്തതെന്നും എസ്.പി പറഞ്ഞു.
പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. 150 പശുക്കളെയും കന്നുകാലി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭൈൻവാഹി പ്രദേശം കുറച്ചുകാലാമയി പശുക്കടത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും എസ്.പി കൂട്ടിച്ചേർത്തു. എല്ലാ പ്രതികളും മുസ്‍ലിംകളാണെന്നാണ് വിവരം.
Adjust Story Font
16