Quantcast

റഹീം, ശിവദാസന്‍, സന്തോഷ്‌കുമാർ ഉള്‍പ്പെടെ 11 പ്രതിപക്ഷ എം.പിമാർക്ക് രാജ്യസഭയിൽ സസ്‌പെൻഷൻ

പ്രതിപക്ഷം സഭയിൽ പ്രതിഷേധം കടുപ്പിച്ചതോടെയാണ് എ.എ റഹീം, വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ ഉൾപ്പെടെ 11 രാജ്യസഭാ അംഗങ്ങളെ ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-07-26 12:15:58.0

Published:

26 July 2022 9:50 AM GMT

റഹീം, ശിവദാസന്‍, സന്തോഷ്‌കുമാർ ഉള്‍പ്പെടെ 11 പ്രതിപക്ഷ എം.പിമാർക്ക് രാജ്യസഭയിൽ സസ്‌പെൻഷൻ
X

ന്യൂഡൽഹി: മലയാളി എം.പിമാരായ എ.എ റഹീം, വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ ഉൾപ്പെടെ 11 രാജ്യസഭാ അംഗങ്ങൾക്ക് സസ്‌പെൻഷൻ. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. രാജ്യസഭയിൽ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെയാണ് നടപടി. മോശം പെരുമാറ്റം ആരോപിച്ചാണ് എം.പിമാരെ സഭാ സമ്മേളനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

രാജ്യസഭയിൽ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എം.പിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതോടെയാണ് സ്പീക്കർ 11 എം.പിമാരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. തുടർന്ന് 20 മിനിറ്റു നേരത്തേക്ക് സമ്മേളനം പിരിയുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസ് എം.പിമാരാണ് സസ്‌പെൻഷനിലായവരിൽ കൂടുതൽ പേരും. സുഷ്മിത ദേബ്, ഡോ. ശാന്തനു സെൻ, ദോല സെൻ, മൗസം നൂർ, അബീർ ബിശ്വാസ്, ശാന്ത ഛേത്രി, നദീമുൽ ഹഖ് എന്നിവരാണ് നടപടി നേരിട്ട തൃണമൂൽ എം.പിമാർ. ഇവർക്ക് പുറമെ ഡി.എം.കെ എം.പിമാരായ കനിമൊഴി, മുഹമ്മദ് അബ്ദുല്ല എന്നിവർക്കും സസ്‌പെഷൻഷൻ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് നടപടി നേരിട്ട മറ്റ് എം.പിമാർ. സഭാ കാലയളവ് വരെ ഇവരുടെ സസ്പെൻഷൻ തുടരും.

വിലക്കയറ്റം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയായിരുന്നു എം.പിമാർക്കെതിരെ നടപടി. പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം നടത്തിയതിനാണ് നടപടിയെന്നാണ് സ്പീക്കർ ഓം ബിർല അറിയിച്ചത്. കഴിഞ്ഞ തവണയും പ്രതിഷേധത്തിന്റെ പേരിൽ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു.

Summary: 11 opposition Rajya Sabha MPs, including AA Rahim, V Sivadasan and P. Santhosh Kumar suspended for rest of the week for disruptions

TAGS :

Next Story