ജയിലിൽ സഹതടവുകാരനെ മർദിച്ചു കൊലപ്പെടുത്തി; ജാർഖണ്ഡിൽ 15 പേർക്ക് വധശിക്ഷ
2019 ജൂൺ 25നാണ് ജയിലിൽ തടവുകാർ രണ്ടു ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ മനോജ് കുമാർ എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്.
ജംഷഡ്പൂർ: ജയിലിൽ സഹതടവുകാരനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ജാർഖണ്ഡിൽ 15 പേർക്ക് വധശിക്ഷ വിധിച്ചു. 2019ൽ ജംഷഡ്പൂരിലെ ഘാഘിദിഹ് സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടത്.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 120ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഡീഷണൽ ജില്ലാ ജഡ്ജി രാജേന്ദ്ര കുമാർ സിൻഹ വധശിക്ഷ വിധിച്ചത്.
വധശ്രമത്തിന് മറ്റു ഏഴുപേർക്ക് 10 വർഷം തടവും വിധിച്ചിട്ടുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേർ ഒളിവിലാണ്. ഇവരെ ഉടൻ കണ്ടെത്തി കോടതിക്ക് മുന്നിൽ ഹാജരാക്കാൻ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടു. 2019 ജൂൺ 25നാണ് ജയിലിൽ തടവുകാർ രണ്ടു ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിൽ തടവുകാരനായിരുന്ന മനോജ് കുമാർ സിങ് അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് കുമാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
Adjust Story Font
16