Quantcast

'കിങ് കോഹ്ലി' അടക്കിവാണ 16 വർഷങ്ങൾ

2008 ആ​ഗസ്ത് 18നാണ് കോഹ്ലി നീലക്കുപ്പായത്തിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2024-08-18 17:02:41.0

Published:

18 Aug 2024 3:13 PM GMT

കിങ് കോഹ്ലി അടക്കിവാണ 16 വർഷങ്ങൾ
X

ന്യൂഡൽഹി: 'കിങ്' എന്ന ഓമനപ്പേരിൽ ആരാധകർ ആർപ്പുവിളിക്കുന്ന ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 16 വർഷം. സംഭവബ​ഹുലമായ കരിയറിൽ കോഹ്ലി നേടിയെടുത്ത അം​ഗീകാരങ്ങൾ ഏറെ. ഏകദിന, ട്വന്റി ലോകകപ്പുകൾ, ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് മേസുകൾ തുടങ്ങി നിരവധി കിരീടങ്ങൾ രാജ്യത്തിന് നേടിത്തന്നതിൽ താരം സുപ്രധാന പങ്കുവ​ഹിച്ചു. 'റൺമെഷീൻ' എന്ന പേരിലും താരം അറിയപ്പെട്ടു.

അണ്ടർ 19 ലോകകപ്പിലൂടെയാണ് കോഹ്ലി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിത്തുടങ്ങിയത്. 2008ൽ മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ രാജ്യത്തിന് കിരീടം നേടിത്തന്ന നായകൻ വർഷങ്ങൾക്കുശേഷം ഇന്ത്യയെ കളിയുടെ മൂന്ന് ഫോർമാറ്റിലും നയിച്ച നായകനായി മാറി.

2008 ആ​ഗസ്ത് 18നാണ് കോഹ്ലി നീലക്കുപ്പായത്തിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏക​ദിനത്തിൽ നിലവിലത്തെ ഇന്ത്യൻ കോച്ച് ​ഗൗതം ​ഗംഭീറിനൊപ്പം ഓപ്പണർ ആയായായിരുന്നു അരങ്ങേറ്റം. എന്നാൽ ആദ്യ മത്സരത്തിൽ വെറും 12 റൺസ് നേടി കോഹ്ലിക്ക് കൂടാരം കയറേണ്ടി വന്നു. പക്ഷേ അത് തന്റെ മുന്നിൽ നീണ്ടു കിടക്കുന്ന ശ്രദ്ധേയമായ യാത്രയുടെ വെറുമൊരു തുടക്കമായിരുന്നു. 2009ൽ ശ്രീലങ്കയ്ക്കെതിരെയാണ് താരം തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്നത്. 16 വർഷങ്ങൾക്കിപ്പുറം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനെ പോലും മറികടന്ന് ആ യാത്ര എത്തിനിക്കുന്നത് ഏക​ദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വ്യക്തി എന്ന പദവിയിലാണ്.

2010ൽ സിംബാവെയ്ക്കെതിരെ ആയിരുന്നു താരത്തിന്റെ ട്വന്റി ട്വന്റി അരങ്ങേറ്റം. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ ഭാഗമായ കോഹ്‌ലി ബംഗ്ലാദേശിനെതിരായ തൻ്റെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി. വിശ്വകീരിടം നേടിയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. സ്ഥിരതയാർ‍ന്ന പെർഫോമൻസുകളായിരുന്നു കോഹ്ലിയുടെ മികവ്. ലോകകിരീടം നേടിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവ​ദിച്ചതോടെ കോഹ്ലിക്ക് ടെസ്റ്റിലും അവസരം ലഭിച്ചു. അതേവർഷം വെസ്റ്റിൻഡീസിനെതിരെയായിരുന്നു വെള്ളക്കുപ്പായത്തിലെ അരങ്ങേറ്റം.

തുടർന്നുള്ള കാലം കോഹ്ലിക്ക് തന്റെ കരിയറിലേക്ക് ഒരു തിരിഞ്ഞുനോട്ടം വേണ്ടി വന്നിട്ടില്ല. 2012ലെ ഏഷ്യാ കപ്പിനുള്ള ഏകദിന ടീമിൻ്റെ വൈസ് ക്യാപ്റ്റനായി കോഹ്‌ലിയെ നിയമിച്ചു. 2013ൽ തൻ്റെ ആരാധനാപാത്രമായ സച്ചിൻ വിരമിച്ച ശേഷം, ടെസ്റ്റിലെ അ​ദ്ദേഹത്തിന്റെ നിർണായകമായ നാലാം നമ്പർ ബാറ്റിംഗ് സ്ഥാനം കോഹ്‌ലി ഏറ്റെടുത്തു. ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലുമായി 119, 96 റൺസുകൾ നേടിയ കോഹ്ലി താൻ ഈ പദവിക്ക് അർഹനാണെന്ന് തെളിയിച്ചു.

ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സെഞ്ചുറികളും ഏകദിന ലോകകപ്പിൻ്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതുമുൾപ്പെടെ നിരവധി ക്രിക്കറ്റ് റെക്കോർഡുകൾ കോഹ്‌ലിയുടെ പേരിലാണ്. 2014, 2016 ടി20 ലോകകപ്പുകളിലും 2023ലെ ഏകദിന ലോകകപ്പിലും കോഹ്ലി പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ഏകദിന ലോകകപ്പ്, 2013 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി, 2024 ടി20 ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമുകളിലും കോഹ്ലി അംഗമായിരുന്നു. 2024 ലെ ടി20 ലോകകപ്പ് നേട്ടത്തോടൊപ്പം അദ്ദേഹം അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ചായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം.

2012ലെ കോമൺവെൽത്ത് സീരീസിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 133 കോഹ്ലി ആരാധാകർ അത്രവേ​ഗത്തിൽ മറക്കാൻ സാധ്യതയില്ല. ബോളിങ് ഇതിഹാസം മലിം​ഗയെ ​ഗ്രൗണ്ടിന് പുറത്തേക്ക് തലങ്ങും വിലങ്ങും കോഹ്ലി സിക്സർ പറത്തിയ കാഴ്ച അത്രമേൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേവർഷം ഏഷ്യ കപ്പിൽ പാകിസ്താനെതിരെ നേടിയ 183 ആണ് താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 2022 ട്വന്റി ട്വന്റി ലോകകപ്പിൽ പാകിസ്താനെതിരെ നേടിയ 82നും 2024 ലോകകപ്പ് ഫൈനലിലെ 76നും ആരാധകരേറെയാണ്. അങ്ങനെ എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര മികച്ച ഇന്നിങ്ങ്സുകൾ കോഹ്ലി തന്റെ ബാറ്റ് കൊണ്ട് രചിച്ചിട്ടുണ്ട്.

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ​ബെം​ഗളൂരുവിന്റെ താരമായ കോഹ്ലി ലീ​ഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. ഐ.പി.എല്ലിലും ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും കോ​ഹ്ലി തന്നെ. ​അന്താരാഷ്ട്ര മത്സരങ്ങളോടൊപ്പം ലീ​ഗിലും നിരവധി റെക്കോഡുകൾ കോഹ്ലിയുടെ പേരിലാണ്.

ഇന്ത്യക്ക് ഐ.സി.സിയുടെ മൂന്ന് കിരീടങ്ങൾ നേടിത്തന്ന ക്യാപ്റ്റൻ കൂൾ ധോണിയുടെ പിൻ​ഗാമിയായാണ് കോഹ്ലി രാജ്യത്തിന്റെ നായകപദവി ഏറ്റെടുത്തത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കാലങ്ങളിലൊന്നായിരുന്നു അത്. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകൻ കോഹ്ലിയാണ്. ആസ്ത്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേടിയ ക്യാപ്റ്റൻ എന്ന ഖ്യാതിയും കോഹ്ലിക്ക് സ്വന്തം. നിനച്ചിരിക്കാതെയായിരുന്നു അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പിന്മാറിയത്. ഏറെ സംസാര വിഷയമായിരുന്നു ആ സംഭവം. രാജ്യത്തിനായി താൻ നൽകിയ സംഭാവനകൾക്ക് ഖേൽ രത്ന, പ​ദ്മശ്രീ, അർജുന അവാർഡ് തുടങ്ങിയ ആദരങ്ങളും കോ​ഹ്ലിയെ തേടിയെത്തി.

തന്റെ അ​ഗ്രസീവ്നെസ്സിന് പലപ്പോഴായി വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും അത് ആരാധാകർക്ക് ഒരാവേശമായിരുന്നു. കൊറോണകാലത്തുണ്ടായ സെഞ്ച്വറി വരൾച്ച ഒഴിച്ചു നിർത്തിയാൽ ഫോംഔട്ടിന്റെ പേരിൽ കോഹ്ലിയെ വിമർശിക്കാനുണ്ടായ അവസരങ്ങളും വളരെ കുറവാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമെന്ന് നിസംശയം ഈ 35കാരനെ നമ്മുക്ക് വിശേഷിപ്പിക്കാം. തുടർന്നും രാജ്യത്തിനായി തന്റെ മികവ് തുടർന്നാൽ അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തിൽ സച്ചിനെ മറികടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

TAGS :

Next Story