മണിപ്പൂരില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് മരണം
കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്ത് നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ 122 ബോംബ് ഷെല്ലുകള്‍ കണ്ടെടുത്തിട്ടുണ്ട്
രണ്ടാം ലോക മഹായുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് മണിപ്പൂരില്‍ രണ്ട് മരണം. മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മോറേ പട്ടണത്തിലാണ് അപകടം. ലാല്‍സംഗ്മൌണ്ട് ഗാങ്ടേ (27) ലിംകോഗിന്‍ ഗാങ്ടേ (23) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വീടിന് പുറകില്‍ മാലിന്യക്കുഴി കുഴിക്കുകയായിരുന്ന യുവാക്കളുടെ മണ്‍വെട്ടി ബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് കേസന്വേഷണം നടത്തിയ തെങ്ക്നൌപാല്‍ ജില്ലാ പോലീസ് സുപ്രണ്ട് എം.അമിത് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യം തമ്പടിച്ചിരുന്ന സ്ഥലത്താണ് ഇപ്പോള്‍ അപകടം നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ നൂറിലധികം ബോംബുകള്‍ കണ്ടെടുത്തിരുന്നതായി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഇംഫാല്‍ ക്യാമ്പയിന്‍ ഫൌണ്ടേഷന്‍ മാനേജര്‍ രാജേശ്വര്‍ യുംനം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നടന്ന ഖനനത്തിലാണ് പൊട്ടാത്ത 122 ബോംബ് ഷെല്ലുകല്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെടുത്തത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന് മോറെ ഗ്രാമമുഖ്യന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് തോംകോ പാവോ ബൈറ്റി ആവശ്യപ്പട്ടു. പ്രദേശത്തെ ജനങ്ങളുടെ ജീവന്‍ ഭീഷണിയിലാണെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു.
Adjust Story Font
16