അധ്യക്ഷ തെരഞ്ഞെടുപ്പ്; അവസാനവട്ട ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡും ജി 23 നേതാക്കളും
അതേസമയം നെഹ്റു കുടുംബവുമായി നേരിട്ട് ഏറ്റുമുട്ടാൻ ജി 23 യും തയ്യാറായേക്കില്ല
ഡല്‍ഹി: അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവസാനവട്ട ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡും ജി 23 നേതാക്കളും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പുറമെ മറ്റ് പേരുകളും ഹൈക്കമാൻഡ് പരിഗണിക്കുന്നു. അതേസമയം നെഹ്റു കുടുംബവുമായി നേരിട്ട് ഏറ്റുമുട്ടാൻ ജി 23 യും തയ്യാറായേക്കില്ല.
അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും കോൺഗ്രസിൽ ചർച്ചകൾ സജ്ജീവമാകുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനാണ് ഹൈക്കമാൻഡ് നീക്കം. എന്നാൽ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാകാൻ ഗെഹ്ലോട്ട് തയ്യാറല്ല. മത്സരം ഒഴിവാക്കി സമവായത്തിലൂടെ അധ്യക്ഷനാകാനാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. അപ്പോഴും താൻ പറയുന്ന ആളെ രാജസ്ഥാൻ മുഖ്യമന്ത്രി ആക്കണമെന്ന നിലപാടും ഗെഹ്ലോട്ടിന് ഉണ്ട്. ഈ സാഹചര്യത്തിൽ മുകുൾ വാസ്നിക്, മീരാ കുമാർ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പേരുകളും കോൺഗ്രസ് പരിഗണിക്കുന്നു. ഇവരിൽ ആരെത്തിയാലും ദലിത് പ്രാതിനിധ്യം ഗുണം ചെയ്യും എന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.
അതേസമയം മുൻ അധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ നെഹ്‌റു കുടുംബത്തിന് എതിരെ മത്സരിച്ചവരുടെ ഗതിയാണ് ജി23 നേതാക്കളെ അലട്ടുന്നത്. വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ തങ്ങളുടെ നിലപാടുകൾ പരാജയപ്പെട്ടു എന്ന് വ്യാഖ്യാനിക്കുമോ എന്നും നേതാക്കൾ ഭയപ്പെടുന്നു. മത്സരിക്കേണ്ടി വന്നാൽ അതിന് തയ്യാറാണ് എന്നാണ് മനീഷ് തിവാരിയുടെ നിലപാട്. അതേസമയം നേതാക്കൾ പരസ്യ പ്രതികരണം തുടരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
Adjust Story Font
16