യു.എസിൽ ഇന്ത്യൻ യുവാവിനെ വെടിവച്ച് കൊന്നു; മോഷ്ടാവായ 21കാരൻ അറസ്റ്റിൽ
ഗോപികൃഷ്‌ണയുടെ തലയ്‌ക്കടക്കം ഒന്നിലധികം തവണയാണ് ഇയാൾ വെടിവച്ചത്.
ഹൂസ്റ്റൺ: യു.എസിൽ 32കാരനായ ഇന്ത്യൻ യുവാവിനെ മോഷ്ടാവായ അക്രമി വെടിവച്ച് കൊന്നു. ടെക്സാസിലെ ഡല്ലാസ് പ്ലസന്റ് ഗ്രോവിലെ കൺവീനിയൻസ് സ്റ്റോർ ക്ലർക്കായ ആന്ധ്രാപ്രദേശ് ബപത്‌ല ജില്ലയിലെ യജാലി സ്വദേശി ദസരി ഗോപികൃഷ്ണയാണ് വെടിയേറ്റ് മരിച്ചത്. ജൂൺ 21നായിരുന്നു സംഭവം. കേസിൽ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദാവോണ്ഡ മാത്തിസ് എന്ന യുവാവാണ് അറസ്റ്റിലായത്. ഗോപികൃഷ്‌ണയുടെ തലയ്‌ക്കടക്കം ഒന്നിലധികം തവണയാണ് ഇയാൾ വെടിവച്ചത്. സംഭവത്തിൽ കടുത്ത കൊലക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എട്ട് മാസം മുമ്പാണ് ദസരി ടെക്സാസിലെ സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയത്.
കവർച്ചയ്ക്കായി കടയിലെത്തിയ മാത്തിസ് ക്യാഷ് കൗണ്ടറിന് സമീപമെത്തി ഗോപീകൃഷ്ണയെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സാധനങ്ങൾ മോഷ്ടിച്ച ശേഷം ഓടിപ്പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഗോപീകൃഷ്ണയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആദ്യം മോഷണക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത മാത്തിസിനെതിരെ ഗോപീകൃഷ്ണയുടെ മരണത്തോടെ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. ജൂൺ 20ന് വാക്കോ നഗരത്തിൽ മറ്റൊരാളെ വെടിവച്ച് കൊന്ന കേസിലും മാത്തിസ് പ്രതിയാണ്. 60കാരനായ മുഹമ്മദ് ഹുസൈനെയാണ് ഇയാൾ വെടിവച്ചത്. തുടർന്ന്, പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും രക്ഷിക്കാനായിരുന്നില്ല.
അതേസമയം, ഗോപീകൃഷ്ണയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ കോൺസുലേറ്റിന്റെ നടപടികൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രതിനിധികളും കുടുംബ സുഹൃത്തുക്കളും ഗോപീകൃഷ്ണയുടെ കോൺസുലേറ്റുമായി സഹകരിക്കുന്നുണ്ട്.
പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി കോൺസുലേറ്റ് അറിയിച്ചു. ചൊവ്വാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവർ അറിയിച്ചു.
Adjust Story Font
16