കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 29 ആയി
വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം അറുപതിലധികം പേർ ചികിത്സയിലാണ്
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന 29 പേർ മരിച്ചു. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം അറുപതിലധികം പേർ ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും പൊലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കള്ളക്കുറിച്ചിയിലെ കരുണപുരത്ത് നിന്നാണ് ഇവർ മദ്യം കഴിച്ചത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റി. ജില്ലാപൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു.
മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എം.എസ്.പ്രശാന്തിനെ കള്ളക്കുറിച്ചിയിലെ ജില്ലാ കലക്ടറായും രജത് ചതുർവേദിയെ ജില്ലാ പൊലീസ് സൂപ്രണ്ടായും നിയമിച്ചു. സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുന്നത് തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു.
Adjust Story Font
16