ശ്രീനഗര്‍ ഭീകരാക്രമണം; പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി മരിച്ചു
ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി
ശ്രീനഗറിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. അതിനിടെ ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു.
ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള സെവാനിലെ പൊലീസ് ക്യാമ്പിന് സമീപം ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. രണ്ട് തീവ്രവാദികൾ പൊലീസ് ബസിനു നേരെ നടത്തി ആക്രമണത്തില്‍ രണ്ടു പേര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. 11 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. സൈന്യം പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.
Adjust Story Font
16