Quantcast

തെലങ്കാനയിൽ മുസ്‌ലിം കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു

സംഭവത്തിൽ പഴക്കച്ചവടക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

MediaOne Logo

Web Desk

  • Published:

    4 April 2023 12:27 PM GMT

3 Muslim fruit sellers thrashed; allegedly forced to drink alcohol
X

ഹൈദരാബാദ്: മുസ്‌ലിം പഴ‌ക്കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പടഞ്ചെരുവിൽ തിങ്കളാഴ്ചയാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് ​പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനിടെ പടഞ്ചെരുവിലെ വ്യാപാരികളെ സംഘം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പഴക്കച്ചവടക്കാരുടെ പരാതിയിൽ കേസെടുത്തു.

പ്രതികൾക്കെതിരെ ഐപിസി 324 (ആയുധങ്ങളുപയോ​ഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുക), 341 (തടഞ്ഞുവയ്ക്കൽ), 504 (സമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അധിക്ഷേപം), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ സാമുദായിക മാനമില്ലെന്നാണ് പൊലീസ് വാദം. "എന്തെങ്കിലും വിദ്വേഷം കൊണ്ടല്ല, പഴങ്ങളുടെ വിലയെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം. തർക്കം ചിലർ പഴക്കച്ചവടക്കാരെ ആക്രമിക്കുന്നതിൽ കലാശിച്ചു"- പടഞ്ചെരു ഡിഎസ്പി ഭീം റെഡ്ഡി അഭിപ്രായപ്പെട്ടു.

അതേസമയം, സംഭവത്തെ അപലപിച്ച് ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി രം​ഗത്തെത്തി. ആക്രമണത്തിൽ ഇരകളിലൊരാളുടെ കൈയ്ക്ക് ഒടിവും ദേഹമാസകലം പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. അതിനാൽ 307-ാം വകുപ്പ് (കൊലപാതക ശ്രമം) കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് അദ്ദേഹം ഡിഎസ്‌പിയോട് ആവശ്യപ്പെട്ടു.

TAGS :

Next Story