ബംഗളൂരുവിൽ 15 വയസുകാരന്റെ കയ്യിലുള്ള തോക്ക് അബദ്ധത്തിൽ പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം
ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴി ഫാമിലാണ് സംഭവം.

ബംഗളൂരു: 15 വയസുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം. ബംഗളൂരുവിലെ മാണ്ഡ്യയില്‍ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴി ഫാമിലാണ് സംഭവം. ഫാമിന്‍റെ പരിസരത്തെ ഒരു ചെറിയ വീടിന്റെ ചുമരിലിരുന്ന തോക്കാണ് കുട്ടി കളിക്കാനായി എടുത്തത്. നിറയൊഴിച്ച തോക്കാണെന്ന് കുട്ടി അറിഞ്ഞിരുന്നില്ല.
ഇതിനിടെയാണ് നാലു വയസുകാരന് വെടിയേറ്റത്. അതേസമയം ലൈസന്‍സുള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിന് കോഴി ഫാമിന്റെ ഉടമക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 15 വയസ്സുകാരനെതിരെയും കേസെടുത്തു. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. നാഗമംഗല റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Adjust Story Font
16

