Quantcast

ഉത്തർ പ്രദേശിൽ ഇ.വി.എമ്മിലെ 47,894 വോട്ടുകൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്ന് മണ്ഡലങ്ങളിൽ കമ്മീഷൻ പുറത്തുവിട്ട കണക്കിനേക്കാൾ കൂടുതൽ വോട്ട്

MediaOne Logo

Web Desk

  • Published:

    8 Jun 2024 3:17 PM GMT

uttar pradesh evm
X

ലഖ്നൗ: ഉത്തർ പ്രദേശിലെ 80 മണ്ഡലങ്ങളിലായി രേഖപ്പെടുത്തിയ 47,894 വോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യു.പിയിൽ ഏഴു ഘട്ടമായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 8,77,23,028 വോട്ടുകളാണ് വോട്ടുയന്ത്രത്തിൽ ആകെ ​രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. എന്നാൽ, ജൂൺ നാലിന് 8,76,75,134 വോട്ടുകളാണ് ഇ.വി.എമ്മിൽനിന്ന് എണ്ണിയത്. തങ്ങൾ ഇപ്പോഴും വിവരങ്ങൾ ശേഖരിക്കുകയും അത് ക്രോഡീകരിക്കുകയുമാണെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നൽകിയ മറുപടി.

വിവിധ കാരണങ്ങളാൽ വോട്ടെണ്ണൽ സമയത്ത് വോട്ടുകൾ ഉപേക്ഷിക്കാം. ഇ.വി.എമ്മിലെ സാ​ങ്കേതിക തകരാറ്, മോക്ക്പോൾ വോട്ടുകൾ ഇ.വി.എമ്മിൽനിന്ന് ഒഴിവാക്കാത്തത് ഇങ്ങനെ പലകാരണങ്ങളാൽ വോട്ടുകൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

ഇ.വി.എമ്മിൽ ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് അലീഗഢിലാണ്, 11,37,051. എന്നാൽ, ഇവിടെ എണ്ണിയത് 11,31,155 വോട്ടുകളാണ്. 5896 വോട്ടിന്റെ വ്യത്യാസമാണുള്ളത്. പോസ്റ്റർ ​ബാലറ്റടക്കം ആകെ 11,33,366 വോട്ടുകൾ എണ്ണി. ഇവിടെ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത് 15,647 വോട്ടിനാണ്.

ഹമീർപൂരിൽ 11,14,874 വോട്ടുകളാണ് രേഖപ്പെടുത്തിയത്. എന്നാൽ, 11,13,768 വോട്ടുകളാണ് എണ്ണിയത്. 1106 വോട്ടുകൾ ഒഴിവാക്കി. 2629 വോട്ടിനാണ് ഇവിടെ സമാജ്‍വാദി പാർട്ടി വിജയിച്ചത് . ​പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരാണസിയിൽ 1446 വോട്ടുകളാണ് ഒഴിവാക്കിയത്. അതേസമയം, ഫുൽപുർ, സലേംപുർ, അമേത്തി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം പുറത്തുവിട്ടതിനേക്കാൾ കൂടുതൽ വോട്ടാണ് എണ്ണിയപ്പോഴുള്ളത്.

വോട്ടുയന്ത്രങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത നിരവധി പോളിങ് ബൂത്തുകളുണ്ടെന്ന് ഉത്തർ ​പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. ഒരു പോളിങ് ബൂത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരേക്കാൾ കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മുഴുവൻ വോട്ടും ഒഴിവാക്കുകയാണ് ചെയ്യുകയെന്നും ഉദ്യോഗസ്ഥൻ പറയുന്നു. കൂടാതെ പോളിങ് വിജയകരമായി നടത്തിയിട്ടും ഇ.വി.എമ്മിലെ ഡിസ്​പ്ലേയിൽ മൊത്തം വോട്ടുകളുടെ എണ്ണം കാണിക്കാത്ത സാഹചര്യങ്ങളുമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 1,62,069 പോളിങ് ബൂത്തുകളാണ് ഉത്തർ പ്രദേശിലുള്ളത്. ഒഴിവാക്കിയ വോട്ടുകളുടെ എണ്ണം ആകെയുള്ള പോളിങ് ബൂത്തുകളേക്കാൾ കുറവാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു. വോട്ടെണ്ണൽ സമയത്ത് സുതാര്യത ഉറപ്പുവരുത്തുകയും ഫലം പ്രഖ്യാപിക്കാൻ സാധുവായ വോട്ടുകൾ മാത്രമാണ് എണ്ണിയതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

TAGS :

Next Story