Quantcast

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്.

MediaOne Logo

Web Desk

  • Published:

    6 May 2024 12:43 PM GMT

5 Medical Students Drown In Sea Off Kanniyakumari Coast
X

ചെന്നൈ: തമിഴ്നാട് കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.

പ്രദേശത്തെ ഒരു വിവാഹ ചടങ്ങിനെത്തിയ ഇവർ നാ​ഗർകോവിൽ ഗണപതിപുരത്തെ ലെമൂർ ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

'കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്'- കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു.

തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഞായറാഴ്ച സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളജിൽ നിന്നുള്ള വിദ്യാർഥികളുടെ സംഘം എത്തിയത്. ഞായറാഴ്ച ചെന്നൈയിൽ നിന്നുള്ള മൂന്ന് പേർ മറ്റൊരു ബീച്ചിൽ മുങ്ങി മരിച്ചിരുന്നു.

TAGS :

Next Story