ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പ്രയോഗം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ട് മാസത്തിനുള്ളിൽ സമാനമായ രീതിയിൽ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണ് ഇത്
പ്രതീകാത്മക ചിത്രം
ഭോപ്പാൽ: ന്യുമോണിയ ഭേദമാക്കുമെന്ന അന്ധവിശ്വാസത്തിന്റെ പേരിൽ ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് പൊള്ളിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. രണ്ട് മാസത്തിനുള്ളിൽ സമാനമായ രീതിയില്‍ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണിത്.
പാത്ര ഗ്രാമത്തിലെ രാംദാസ് കോളിന്റെ മകൻ ഹൃഷഭ് കോൾ ആണ് മരിച്ചത്.ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ചികിത്സയ്ക്കിടെയാണ് കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിക്കുന്നത്. പിഞ്ചുകുഞ്ഞിന് ന്യുമോണിയ ബാധിച്ച് സെപ്റ്റിസീമിയ ഉണ്ടായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്ന രക്തത്തിലെ അണുബാധയാണ് സെപ്റ്റിസീമിയ.
കുട്ടിയുടെ വയറിൽ പൊള്ളലേറ്റ പോലെ മൂന്ന് പാടുകൾ കണ്ടെത്തിയിരുന്നെന്നും ഡോക്ടർമാർ പറയുന്നു.എന്നാൽ കുഞ്ഞിന്റെ മരണം ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതുമൂലമാണോ എന്ന് ഉറപ്പിച്ചു പറയാനാകില്ലെന്ന് ഡോക്ടർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു .ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് കുഞ്ഞുങ്ങളെ പൊള്ളിക്കുന്ന സംഭവം മേഖലയിൽ വ്യാപകമാണെന്നും ഇതിനെതിരെ ബോധവത്കരണം നടക്കുന്നുണ്ടെന്നും ഷാഡോൾ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർഡോ എ കെ ലാൽ ടൈംസ്ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജനുവരി 9 ന് സമാനമായ സാഹചര്യത്തിൽ ഒരു കുഞ്ഞ് മരിച്ചിരുന്നു.സംഭവത്തിൽ ബന്ധുക്കൾക്കെതിരെ ബുർഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജനുവരി ഒന്നിനും ന്യുമോണിയ ചികിത്സയ്ക്കായി അടിവയറ്റിൽ പലതവണ ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് പൊള്ളിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഷാഹ്ഡോളിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. ഡിസംബർ 19 ന് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞും ഡിസംബർ 29 ന് 45 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.
Adjust Story Font
16