പ്രവാചകനിന്ദ: 7 രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തിയെന്ന് കേന്ദ്രം
വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്‍റില്‍ മറുപടി നൽകിയത്
ഡല്‍ഹി: പ്രവാചകനിന്ദയിൽ ഏഴ് രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തിയെന്ന് കേന്ദ്രം. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്‍റില്‍ മറുപടി നൽകിയത്. ഖത്തർ, കുവൈത്ത്, പാകിസ്താൻ, ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് അംബാസഡർമാരെ വിളിച്ചുവരുത്തിയത്.
പ്രസ്താവന നടത്തിയത് വ്യക്തികളാണെന്നും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും അംബാസഡര്‍മാര്‍ അറിയിച്ചെന്ന് മറുപടിയില്‍ പറയുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യമെന്നും മറുപടിയിലുണ്ട്.
ഒരു ടെലിവിഷൻ ചർച്ചയിൽ ബി.ജെ.പി മുന്‍ വക്താവ് നുപൂർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർന്നു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂർ ശർമയെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
നുപൂർ ശർമയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിട്ടുണ്ട്. സുപ്രിംകോടതി ഹരജി പരിഗണിക്കുന്ന ആഗസ്ത് 10 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. ജീവന് ഭീഷണിയുണ്ടെന്ന് നുപൂർ ശർമ സുപ്രിംകോടതിയിൽ പറഞ്ഞു. എല്ലാ കേസുകളും ഒറ്റ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും നുപൂര്‍ ശര്‍മ ആവശ്യപ്പെട്ടു.
ഒന്‍പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂർ ശർമ ഹരജിയിൽ വ്യക്തമാക്കി.
നേരത്തെ സുപ്രിംകോടതി നുപൂര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടർന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമയാണെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
''നുപൂര്‍ ശര്‍മയുടെ പ്രസ്താവനയെ തുടർന്നുണ്ടായ സംവാദം ഞങ്ങൾ കാണുകയായിരുന്നു. അവർ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചതും അപമാനകരമാണ്. രാജ്യത്തോട് മുഴുവൻ അവർ മാപ്പ് പറയണം. രാജ്യത്ത് സംഭവിച്ചതിനെല്ലാം അവർ മാത്രമാണ് ഉത്തരവാദി'' - ജസ്റ്റിസ് സൂര്യകാന്തും ജെ.ബി പാർദിവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
Adjust Story Font
16