ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് നീന്തിയ 78കാരന് പാതിവഴിയിൽ ദാരുണാന്ത്യം
31 മത്സരാർഥികളിൽ മൂന്നാമനായി വരിയിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന് ഇടയ്ക്കു വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ചെന്നൈ: ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് നീന്തിയ വയോധികന് പാതിവഴിയിൽ ദാരുണാന്ത്യം. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലേക്ക് നടന്ന റിലേ നീന്തൽ മത്സരത്തിൽ പങ്കാളിയായ ബെംഗളൂരു സ്വദേശിയായ ഗോപാൽ റാവുവിനാണ് ജീവൻ നഷ്ടമായത്.
ചൊവ്വാഴ്ച രാവിലെയാരംഭിച്ച നീന്തൽ മത്സരത്തിനിടെയായിരുന്നു സംഭവം. പങ്കെടുത്ത 31 മത്സരാർഥികളിൽ മൂന്നാമനായി വരിയിൽ ഉണ്ടായിരുന്ന ഗോപാൽ റാവുവിന് ഇടയ്ക്കു വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
റാവു ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾ ഏപ്രിൽ 22ന് രാമേശ്വരത്ത് നിന്ന് തലൈമന്നാറിലേക്ക് ബോട്ടിൽ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ നീന്തൽ ആരംഭിക്കുകയായിരുന്നു.
മത്സരത്തിനിടെ അസ്വസ്ഥതയുണ്ടായ റാവു ഇതേക്കുറിച്ച് അറിയിച്ചതോടെ മത്സരാർഥികളെ അനുഗമിച്ച ഒരു ബോട്ടിലേക്ക് സംഘാടകർ കയറ്റി. ബോട്ടിൽ ഇയാളെ പരിശോധിച്ച മെഡിക്കൽ സംഘം മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മറ്റ് നീന്തൽ താരങ്ങൾ പരിപാടി റദ്ദാക്കി ബോട്ടിൽ ധനുഷ്കോടി ദ്വീപിലെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രാമേശ്വരം ടൗൺ പൊലീസ് കേസെടുത്തു. നീന്തൽക്കാർക്ക് പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതിയും ഇന്ത്യൻ, ശ്രീലങ്കൻ സർക്കാരുകളിൽ നിന്ന് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
Adjust Story Font
16