അയോധ്യയിൽ ആർമി ബഫർ സോൺ ഭൂമി വാങ്ങിക്കൂട്ടി അദാനിയുമായി ബന്ധമുള്ള സ്ഥാപനം
ഭൂമി ഇടപാടിനുശേഷം ബഫർ സോണിൽനിന്ന് ഒഴിവാക്കി ഗവർണർ വിജ്ഞാപനമിറക്കി
ലഖ്നൗ: അയോധ്യയിൽ സൈനിക പരിശീലനത്തിന്റെ ഭാഗമായി ആർമി ബഫർ സോണായി വിജ്ഞാപനം ചെയ്ത ഭൂമി വ്യവസായി ഗൗതം അദാനി, യോഗാ ഗുരു ബാബാ രാംദേവ്, അദ്ധ്യാത്മികാചാര്യൻ രവി ശങ്കർ എന്നിവരുമായി ബന്ധമുള്ള സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ട്. സ്ഥലം ഇവർ വാങ്ങിയശേഷം ഉത്തർ പ്രദേശ് ഗവർണർ ഈ പ്രദേശം ബഫർ സോണല്ലാതാക്കി മാറ്റി ഉത്തരവിറക്കിയതായും ‘ദെ പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഏതാനും മാസങ്ങൾക്ക് മുമ്പ് 2023 നവംബറിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ ‘ഹോംക്വസ്റ്റ് ഇൻഫ്രാസ്പേസ്’ എന്ന കമ്പനി മജ്ഹ ജംതാരയിൽ 1.4 ഹെക്ടർ ഭൂമി വാങ്ങുന്നത്. രാമക്ഷേത്രത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെ സരയൂ നദിക്കരയിൽ ജനവാസമില്ലാത്ത പ്രദേശമാണിത്. മുൻ ബി.ജെ.പി എം.എൽ.എ സി.പി. ശുക്ലയുടെ കീഴിലുള്ള കമ്പനിയിൽനിന്നാണ് ഈ സ്ഥലം വാങ്ങുന്നത്.
രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ്ങിന് കീഴിലുള്ള ‘വ്യക്തി വികാസ് കേന്ദ്ര’പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് 2022 ഫെബ്രുവരിയിൽ മജ്ഹ ജംതാരയിൽ 5.31 ഹെക്ടർ ഭൂമി വാങ്ങുന്നുണ്ട്. ബാബാ രാംദേവിന്റെ ഭാരത് സ്വഭിമാൻ ട്രസ്റ്റുമായി ബന്ധമുളള ഹരിയാന യോഗ് ആയോഗ് ചെയർമാൻ ജയദീപ് ആര്യയും രാകേഷ് മിത്തലും അടക്കമുള്ള നാലുപേരും ചേർന്ന് 3.035 ഹെക്ടർ ഭൂമി ഇവിടെ വാങ്ങുകയുണ്ടായി.
സൈന്യത്തിന്റെ വെടിവെപ്പടക്കമുള്ള പരിശീലന കേന്ദ്രങ്ങളുള്ളതിനാലാണ് സ്വകാര്യ ഭൂമികൾ ആർമി ബഫർ സോണാക്കി മാറ്റിയത്. സുരക്ഷാ കാരണങ്ങളാൽ ഇവിടെ നിർമാണവും വാണിജ്യ പ്രവർത്തനങ്ങളും നിരോധിച്ചിരുന്നു.
എന്നാൽ, 2024 മെയ് 30ന് ഉത്തർ പ്രദേശ് ഗവർണർ ഈ പ്രദേശങ്ങളെ ബഫർ സോണിൽനിന്ന് ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനമിറക്കി. നേരത്തേ ഈ സ്ഥലങ്ങൾ കൃഷിക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ആയുധ പരിശീലനം ഉണ്ടാകുമ്പോൾ ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കാറാണ് പതിവ്. ഭൂമിയെ ബഫർ സോണിൽനിന്ന് ഒഴിവാക്കിയതോടെ വാണിജ്യ നിർമാണങ്ങൾക്കുള്ള അനുമതി ലഭിക്കും.
വിജ്ഞാപനം കോടതി നടപടികളും മറികടന്ന്
വിജ്ഞാപനം ചെയ്ത ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് 2024 ഏപ്രിലിൽ അലഹബാദ് ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ, അടുത്ത മാസം തന്നെയാണ് വിജ്ഞാപനം ഒഴിവാക്കിക്കൊണ്ടുള്ള ഗവർണറുടെ ഉത്തരവും വരുന്നത്. ഇതിന് മുമ്പ് ഇവിടത്തെ കൈയേറ്റം സംബന്ധിച്ച് അയോധ്യയിലെ അഭിഭാഷകൻ പ്രവീൺ കുമാർ ദുബെ ഹൈകോടതിയിൽ പൊതുതാൽപ്പര്യ ഹരജി നൽകിയിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാതെ നിർമാണ പ്രവർത്തനങ്ങൾക്ക് അയോധ്യ വികസന അതോറിറ്റി അനുമതി നൽകിയതിനെതിരെ 2023 നവംബർ 24ന് കോടതി രംഗത്തുവരികയുണ്ടായി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സർക്കാർ ഭൂമി അന്യായമായി കൈയേറുകയും നശിപ്പിക്കുകയും ചെയ്യരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇവിടത്തെ പദ്ധതികളുടെ മാപ്പിങ് നടപടി നിർത്തിവെച്ച് അയോധ്യ വികസന അതോറിറ്റി ഉത്തരവിട്ടു.
അതേസമയം, വികസനം മുൻനിർത്തിയാണ് ഈ ഭാഗത്തെ സ്ഥലങ്ങൾ ബഫർ സോൺ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കയതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വിഷയം കോടതിയിലായതിനാൽ നിയമവിദഗ്ധരുമായി ചർച്ച ചെയ്തിരുന്നു. തുടർന്നാണ് മജ്ഹ ജംതാരയിലെ സ്ഥലങ്ങൾ ഡി-നോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സൈന്യം പരിശീലനം നടത്താൻ ഉപയോഗിക്കാത്തതിനാൽ 14 വില്ലേജുകളിലെ സ്ഥലങ്ങൾ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹോംക്വസ്റ്റ് ഇൻഫ്രാസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഇടപാടുകൾ പൂർണമായും നിയമപരവും എല്ലാ ചട്ടങ്ങൾക്കും അനുസൃതമാണെന്നും അദാനി ഗ്രൂപ്പിന്റെ വക്താവ് ‘ദെ പ്രിന്റിനോട്’ പ്രതികരിച്ചു. ഭാവി വികസന പദ്ധതികൾക്കായി സ്വകാര്യ വ്യക്തിയിൽനിന്നാണ് ഭൂമി വാങ്ങിയത്. റവന്യൂ രേഖകൾ പ്രകാരം ഇത് സ്വകാര്യ ഭൂമിയാണ്. ഇത് സൈന്യത്തിന്റെ ഉപയോഗത്തിനായി നിക്ഷ്പതമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധവുമായി കോൺഗ്രസ്
ആർമി ബഫർ സോണായിരുന്ന ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു. ‘മതത്തിന്റെയും ദേശീയതയുടെയും പിന്നിൽ ഒളിച്ചിരിക്കുമ്പോൾ അവർ എന്താണ് യഥാർഥത്തിൽ ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയേണ്ടേ? സൈനിക പരിശീലനത്തിനുള്ള ബഫർ സോണായി വിജ്ഞാപനം ചെയ്ത ഭൂമി ആദ്യം അദാനിയും രവി ശങ്കറും ബാബാ രാംദേവും വാങ്ങി. പിന്നീട് ഗവർണർ വിജ്ഞാപനം ഒഴിവാക്കകുയും ചെയ്തു’ -വാർത്ത പങ്കുവെച്ച് പവൻ ഖേര ‘എക്സി’ൽ കുറിച്ചു.
Adjust Story Font
16