Quantcast

നഗരങ്ങളുടെ പേരുമാറ്റിയ ഉദ്ധവിന്റെ തീരുമാനം; ഒപ്പം നിന്നത് പാർട്ടി ധാർമികതക്കെതിരെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

ശിവസേന തങ്ങളുടെ ഹിന്ദുത്വ നയങ്ങൾ മയപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കാനുള്ള അവസാന ശ്രമമായിട്ടാണ് നഗരങ്ങളുടെ പേര് മാറ്റിയതെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ്

MediaOne Logo

Web Desk

  • Published:

    30 Jun 2022 2:23 PM GMT

നഗരങ്ങളുടെ പേരുമാറ്റിയ ഉദ്ധവിന്റെ തീരുമാനം; ഒപ്പം നിന്നത് പാർട്ടി ധാർമികതക്കെതിരെന്ന് കോൺഗ്രസിലെ ഒരു വിഭാഗം
X

മുംബൈ: ഔറംഗബാദിന് സംഭാജിനഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പുനർനാമകരണം ചെയ്ത ഉദ്ധവ് സർക്കാർ തീരുമാനം പാർട്ടി ധാർമികതക്കെതിരെന്ന് കോൺഗ്രസ്. ശിവസേനയിലെ ആഭ്യന്തര തർക്കത്തിൽ ഉദ്ധവിനൊപ്പം നിന്ന കോൺഗ്രസിലെ ഒരു വിഭാഗം നഗരങ്ങളുടെ പേരു മാറ്റിയ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. താക്കറെ സർക്കാറിലെ കോൺഗ്രസ് മന്ത്രിമാർ ഇക്കാര്യത്തിൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുകയും പ്രതീകാത്മകമായി ഇറങ്ങിപ്പോകുകയും ചെയ്യണമായിരുന്നുവെന്ന് ഈ വിഭാഗം പറഞ്ഞു.

ശിവസേന തങ്ങളുടെ ഹിന്ദുത്വ നയങ്ങൾ മയപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കാനുള്ള അവസാന ശ്രമമായിട്ടാണ് നഗരങ്ങളുടെ പേര് മാറ്റിയതെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ഈ തീരുമാനത്തിൽ കോൺഗ്രസ് പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് കെ.സി വേണുഗോപാലിനെയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും സമീപിച്ചിരുന്നുവെന്നും എന്നാൽ ഇടപെടലുണ്ടായില്ലെന്നും മഹാരാഷ്ട്രയിലെ ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഈ തീരുമാനത്തെ എതിർത്താൽ ഹിന്ദു സമുദായത്തിനിടയിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹൈക്കമാൻഡ് ഭയന്നിരുന്നതായാണ് ചില വാർത്തകൾ വ്യക്തമാക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള നീക്കത്തെ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം എതിർത്തിരുന്നു.

നഗരങ്ങളുടെ പേര് മാറ്റാനുള്ള തീരുമാനത്തിൽ തങ്ങൾ പങ്കാളിയാകേണ്ടി വന്നുവെന്നും അതിന്റെ ഭവിഷ്യത്ത് പാർട്ടി അനുഭവിക്കേണ്ടി വരുമെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

2018ൽ ബിജെപി 25 നഗരങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. ബിജെപിക്ക് ഇന്ത്യയുടെ സ്വത്വവും പൈതൃകവും അറിയില്ലെന്നായിരുന്നു കോൺഗ്രസ് വിമർശനം.


പേര് മാറ്റി രാഷ്ട്രീയക്കളി

മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്ന സംഭാജിയുടെ പേരാണ് ഔറാംഗാബാദിന് കോൺഗ്രസ്, എൻസിപി എന്നീ പാർട്ടി പ്രതിനിധികളടക്കമുള്ള മഹാ വികാസ് അഘാഡി സർക്കാർ നൽകിയിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഔറംഗബാദിന് ആ പേര് നൽകിയ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഔറംഗബാദിന് സംഭാജിയുടെ പേര് നൽകണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. പേരുമാറ്റുന്നത് 'രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകരുതെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവസേനയുടെ നീക്കത്തെ പിന്നീട് അവർ പിന്തുണയ്ക്കുകയായിരുന്നു.

ഹൈദരാബാദിലെ അവസാന ഭരണാധികാരിയായിരുന്ന മിർ ഉസ്മാൻ അലി ഖാന്റെ പേരിലുള്ള നഗരമാണ് ഉസ്മാനബാദ്. ആറാം നൂറ്റാണ്ടിൽ നഗരത്തിനടുത്തുണ്ടായിരുന്ന ചരിത്ര പ്രസിദ്ധമായ ഗുഹയുടെ പേരാണ് ധാരാശിവ്. ഉസ്മാനാബാദിന് ധാരാശിവ് എന്ന പേര് നൽകണമെന്നുള്ളതും ശിവസേനയുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാർ നിർണായക നീക്കം നടത്തിയിരുന്നത്. വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ, ശിവസേന പ്രത്യേയശാസ്ത്രത്തിൽനിന്ന് വ്യതിചലിക്കുകയാണെന്ന ആരോപണം ഉയർത്തുന്ന സമയത്തു തന്നെ ഉദ്ധവ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് പ്രതിഷേധക്കാരുടെ വായടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സാറ്റലൈറ്റ് ടൗൺ നിർമ്മിക്കുന്നതിനായി കുടിയിറക്കപ്പെട്ട ജനങ്ങളുടെ നേതാവായ ഡിബി പാട്ടീലിന്റെ പേര് മുംബൈയിലെ പുതിയ വിമാനത്താവളത്തിന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.


അതേസമയം, വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നിലവിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാണ് ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. പക്ഷേ അദ്ദേഹം ഉപമുഖ്യമന്ത്രിയായാണ് ചുമതലയേറ്റത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം മന്ത്രിസഭയിൽ ചേർന്നത്.

ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറുന്നത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചെറിയ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത്. പെട്ടെന്ന് അധികാരം ഏറ്റെടുക്കുകയാണ് ലക്ഷ്യം.

ഫഡ്‌നവിസും ഷിൻഡെയും ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശ വാദം ഉന്നയിയിച്ചിരുന്നു. അൽപ്പ സമയം മുമ്പേയാണ് ഷിൻഡെ ഗോവയിൽ നിന്ന് മുംബൈയിലെത്തിയത്. 49 ശിവസേന എംഎൽമാരുടേത് ഉൾപ്പെടെയുള്ള പിന്തുണ കത്താണ് അദ്ദേഹം നൽകിയിട്ടുള്ളത്. ഷിൻഡെ ഒഴികെയുള്ള ബാക്കി 48 വിമത ശിവസേനാ എംഎൽഎമാർ ഗോവയിലെ റിസോട്ടിലാണുള്ളത്.

ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിനൊടുവിൽ 13 എംഎൽഎമാർ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഗുജറാത്തിലെ സൂറത്തിലേക്കാണ് വിമതർ ആദ്യം പോയത്. പിന്നീട് അസം ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലും ഇപ്പോൾ ഗോവയിലുമാണ് അവർ താമസിക്കുന്നത്.

അധികാര മോഹമല്ല, ആശയപ്രതിബദ്ധതയാണ് തങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിമത വക്താവ് ദീപക് കേസർകർ പറഞ്ഞു. ശിവസേനയിൽ ആരും താക്കറെ കുടുംബത്തിന് എതിരല്ലെന്നും ഉദ്ധവിനെ ഇപ്പോഴും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉദ്ധവിന്റെ ഭരണം അട്ടിമറിച്ചതിന് പിറകേ ശിവസേനയെയും കയ്യിലൊതുക്കാൻ ഏക്നാഥ് ഷിൻഡെ വിമത വിഭാഗം ഒരുങ്ങുന്നു. പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണെന്ന് അവകാശപ്പെട്ട് ഷിൻഡെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു. പാർട്ടി ചിഹ്നത്തിൽ വിജയിച്ചവരെയെല്ലാം ഷിൻഡെ ഔദ്യോഗികമായി കത്തയച്ച് യോഗത്തിലേക്ക് വിളിക്കുകയായിരുന്നു.

വിമത വിഭാഗം താമസിക്കുന്ന ഗോവയിലെ ഹോട്ടലിലാണ് യോഗം നടക്കുക. അസമിലെ ഗുവാഹത്തിയിലുള്ള ആഡംബര ഹോട്ടലിൽ കഴിഞ്ഞിരുന്ന വിമതർ കഴിഞ്ഞ ദിവസമാണ് ഗോവയിലെത്തിയത്. എന്നാൽ ഈ വിപ്പിനെതിരെ താക്കറെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഷിൻഡെ നേതൃപദവിയിൽ നിന്ന് നേരത്തെ മാറ്റിയതാണെന്നും അതിനാൽ ശിവസേനാ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർക്കാൻ അർഹതയില്ലെന്നുമാണ് അവർ വാദിക്കുന്നത്.

വിമത പ്രവർത്തനം തുടങ്ങി നിരവധി ശിവസേനാ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയതിനെ തുടർന്ന് ഷിൻഡെയെ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിയമസഭാകക്ഷിയുടെ നേതൃപദവിയിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് അജയ് ചൗധരിയെ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാതെയാണ് ഷിൻഡെ എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി മുന്നണി ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന് സുപ്രിംകോടതി ഇന്നലെ വിധിച്ചിരുന്നു. ഇതിനെ തുടർന്ന് ഉദ്ധവ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ഭരണം നഷ്ടപ്പെട്ടെങ്കിലും മഹാവികാസ് അഘാഡി മുന്നണിയിൽ ശിവസേനയോടൊപ്പം തുടരാനാണ് തങ്ങളുടെ താൽപര്യമെന്നാണ് എൻസിപി അറിയിക്കുന്നത്.

A section of Congress stood against Uddhav's decision to rename cities

TAGS :

Next Story