മകളുടെ ഓർമ്മയ്ക്കായി ഏഴ് കോടി രൂപ വിലയുള്ള ഭൂമി സ്കൂളിന് നൽകി അമ്മ
പൊന്നും വിലയുള്ള 52 സെന്റ് ഭൂമിയാണ് സർക്കാർ സ്കൂളിന് സൗജന്യമായി വിട്ട് കൊടുത്തത്
മധുര: മകളുടെ ഓർമ്മയ്ക്കായി ഏഴ് കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ സ്കൂളിന് വിട്ടുകൊടുത്ത് അമ്മ. തമിഴ്നാട്ടിലെ മധുര പുതൂർ സ്വദേശിയും 52കാരിയുമായ പൂർണം എന്ന ആയി അമ്മാളാണ് മകളുടെ ഓർമക്കായി പൊന്നുംവിലയുള്ള 52 സെന്റ് ഭൂമി സർക്കാർ സ്കൂൾ വികസിപ്പിക്കാൻ വിട്ട് കൊടുത്തത്.
നാട്ടിലെ സ്കൂൾ ഹൈസ്കൂളാക്കി മാറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് ഭൂമി കൈമാറിയത്. സ്‌കൂൾ കെട്ടിടത്തിന് മകൾ യു. ജനനിയുടെ പേര് നൽകണമെന്ന അപേക്ഷമാത്രമാണ് അധികൃതരോട് പൂർണത്തിന് ആവശ്യപ്പെടാനുണ്ടായിരുന്നത്.
രണ്ട് വർഷം മുമ്പാണ് ബി.കോം ബിരുദധാരിയായ മകൾ ജനനി മരിക്കുന്നത്. ജനനി കുഞ്ഞായിരിക്കുമ്പോൾ പൂർണത്തിന്റെ ഭർത്താവും മരിച്ചു.ഭർത്താവിന്റെ ജോലിക്ക് പകരം സ്വകാര്യബാങ്കിലെ ക്ലർക്ക് ജോലി ലഭിച്ചതോടെയാണ് ഇരുവർക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാനായത്. നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പരിശ്രമിച്ചിരുന്ന മകളുടെ അകാലത്തിലുള്ള മരണം പൂർണത്തിനെ മാനസികമായി തളർത്തിയിരുന്നു.
ജനുവരി അഞ്ചിനാണ്, ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം സ്കൂളിന് വിട്ടുകൊടുക്കുന്നതിന്റെ രേഖകൾ ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ കെ കാർത്തികക്ക് പൂർണം കൈമാറിയത്. പൂർണത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തുകയും എക്സിൽ കുറിപ്പെഴുതുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ പൂർണത്തെ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുരൈ എംപി എസ് വെങ്കിടേശൻ, വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി എന്നിവരും അഭിനന്ദനവുമായി രംഗത്തെത്തി.
Adjust Story Font
16