Quantcast

‘ബി.ജെ.പി ഡൽഹിയിലേക്കുള്ള ജലവിതരണം തടയുന്നു’: ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി

‘കുടിവെള്ള പ്രശ്നം സൃഷ്ടിച്ച് വോട്ടർമാരെ സ്വാധീനിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം’

MediaOne Logo

Web Desk

  • Updated:

    2024-05-22 09:50:43.0

Published:

22 May 2024 9:46 AM GMT

aam aadmi party atishi
X

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ബി.ജെ.പി ഗൂഢാലോചന തുടരുകയാണെന്നും ഇതിന്റെ ഭാഗമായി ഡൽഹിയിലേക്കുള്ള ജലവിതരണം നിർത്തി​യെന്നും ജല മന്ത്രി അതിഷി ആരോപിച്ചു. ഹരിയാന സർക്കാർ മുഖേനയാണ് യമുന നദിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ​പ്രഖ്യാപിച്ചത് മുതൽ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ബി.ജെ.പി ഗൂഢാലോചന നടത്തുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. ഇതോടെ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവതാളത്തിലായി.

കെജ്രിവാൾ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ഉപയോഗിച്ച് ബി.ജെ.പി അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചു. പക്ഷെ, ആ പദ്ധതി ലക്ഷ്യം കണ്ടില്ല. പിന്നീട് വിദേശ ഫണ്ടിംഗ് എന്ന പഴകിയ പ്രശ്നം ഉന്നയിച്ച് രംഗത്തുവന്നു.

ഇപ്പോൾ ഹരിയാന സർക്കാർ വഴി ബി.ജെ.പി യമുനയിൽ നിന്നുള്ള ജലവിതരണം നിർത്തിയിരിക്കുകയാണ്. മുമ്പൊരിക്കലും ഇത്തരം പ്രശ്‌നങ്ങൾ ഉയർന്നിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്ന് പോലും ജലക്ഷാമം സംബന്ധിച്ച പരാതികൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞതെന്ന് അതിഷി പറഞ്ഞു.

ഇതുസംബന്ധിച്ച് ബുധനാഴ്ച തന്നെ ഹരിയാന സർക്കാറിന് കത്തെഴുതും. അവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കും. വസീറാബാദിൽ യമുനയിലെ ജലനിരപ്പ് എപ്പോഴും 674 അടിയുണ്ടാകാറുണ്ട്. പക്ഷെ, മെയ് 11 ഇത് 671.6 അടിയായി കുറഞ്ഞു. മൂന്ന് ദിവസം ഈ നില തുടർന്നു. മെയ് 14നും 15നും 671.9 അടിയായിരുന്നു. മെയ് 16ന് 671.3 അടിയും പിന്നീടുള്ള ദിവസങ്ങളിൽ 671 അടിയായും കുറഞ്ഞു.

മെയ് 21ന് യമുനയിലെ ജലനിരപ്പ് ചരിത്രത്തിൽ ആദ്യമായിട്ട് 670.9 അടിയായി കുറഞ്ഞു. ആം ആദ്മി പാർട്ടി സർക്കാറിന്റെ പ്രതിച്ഛായ തകർക്കാനും ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമാണ് ബി.ജെ.പി ഇത് ചെയ്യുന്നതെന്ന് അതിഷി ആരോപിച്ചു.

അവർ തലസ്ഥാന നഗരയിൽ ജലക്ഷാമം സൃഷ്ടിക്കുകയാണ്. മെയ് 25 വരെയുള്ള ദിവസങ്ങളിൽ ഇത്തരം കൂടുതൽ സംഭവങ്ങൾ ഉണ്ടാകുമെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യും. ഡൽഹിയിലെ ജനങ്ങളെ നിങ്ങൾക്ക് കബളിപ്പിക്കാൻ കഴിയില്ലെന്ന് ബി.ജെ.പിയോട് പറയാൻ ആഗ്രഹിക്കുകയാണെന്നും അതിഷി പറഞ്ഞു. മെയ് 25നാണ് ഡൽഹിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story