'സ്‌ഫോടനാത്മക വിവരങ്ങൾ ഉടൻ'; 10 മണിക്ക് വാർത്താസമ്മേളനം വിളിച്ച് എ.എ.പി
മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ഇന്ന് ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഒപ്പമിരുത്തി ചോദ്യംചെയ്‌തേക്കുമെന്ന് റിപ്പോർട്ടുണ്ട്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആയുധമാക്കി പുതിയ വിവരങ്ങൾ വെളിപ്പെടുത്താൻ ആം ആദ്മി പാർട്ടി. 10 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി പ്രഖ്യാപിച്ചു. സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്നും അവർ വെളിപ്പെടുത്തി. എക്‌സിലൂടെയാണ് അതിഷി ഇക്കാര്യം അറിയിച്ചത്.
മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ഇന്നലെ സുപ്രിംകോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അദ്ദേഹത്തെ ഇന്ന് ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഒപ്പമിരുത്തി ചോദ്യംചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. കവിതിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റിൽ താൽക്കാലിക സമരങ്ങൾക്കപ്പുറം നടപടി രാഷ്ട്രീയ ആയുധമാക്കാനാണ് ആം ആദ്മി പാർട്ടി നീക്കം. കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാന ഭരണം തന്നെ ഏറെകാലമായി പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. പുതിയ സാഹചര്യം ഒരു അവസരമാക്കി മാറ്റാനായിരിക്കും നേതാക്കളുടെ നീക്കം.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്താനുള്ള ആലോചന പാർട്ടിയിലുണ്ട്. അറസ്റ്റോടെ ഇൻഡ്യ മുന്നണിയെ ഒരുമിപ്പിച്ചുനിർത്തുന്ന ഘടകമായി അരവിന്ദ് കെജ്‌രിവാൾ എന്ന പേര് മാറിക്കഴിഞ്ഞിട്ടുണ്ട്. ആം ആദ്മി നേതാവ് എന്നതിനുപരി പ്രതിപക്ഷ കൂട്ടായ്മയുടെ മുഖം എന്ന തലത്തിലേക്കും പ്രതിച്ഛായ മാറി. ഈ പ്രസക്തി തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണം അഴിച്ചുവിടാനാണ് എ.എ.പി തയാറെടുക്കുന്നത്.
Summary: Delhi Minister Atishi to hold press conference at 10 am saying explosive information to be revealed
Adjust Story Font
16