'പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു'; ബിജെപിക്കെതിരെ തെളിവ് സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി അതിഷി
കൽക്കാജിയിലെ ബിജെപി സ്ഥാനാർത്ഥി രമേശ് ബിധൂഡിയുടെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് എഎപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതെന്നും അതിഷി

ന്യൂഡല്‍ഹി: പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡല്‍ഹി മുഖ്യമന്ത്രിയും കൽക്കാജിയിലെ എഎപി സ്ഥാനാര്‍ഥിയുമായി അതിഷി. മണ്ഡലത്തിൽ തന്റെ പാർട്ടി പ്രവര്‍ത്തകരെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഉപദ്രവിക്കുകയുമാണെന്നാണ് അതിഷിയുടെ ആരോപണം.
ജനുവരി 15 മുതൽ കൽക്കാജിയുടെ വിവിധ ഭാഗങ്ങളിൽ ആം ആദ്മി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ഏഴോളം സംഭവങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ അതിഷി ചൂണ്ടിക്കാട്ടുന്നുണ്ട്.
കൽക്കാജിയിലെ ബിജെപി സ്ഥാനാർത്ഥി രമേശ് ബിധൂഡിയുടെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് എഎപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതെന്നും അതിഷി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും ബിധൂഡിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അതിഷി കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം അതിഷിയുടെ ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല.
നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ ശല്യപ്പെടുത്തുന്നത് വർദ്ധിച്ചതായും അതിഷി ആരോപിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ, ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്ത് അർദ്ധസൈനികരെ വിന്യസിക്കണമെന്നും അതിഷി ആവശ്യപ്പെട്ടു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്. എട്ടിന് വോട്ട് എണ്ണും.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണതന്ത്രം മാറ്റാനൊരുങ്ങുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ മുറുകെ പിടിച്ച് മുന്നോട്ട് പോകാനാണ് പുതിയ തീരുമാനം. റോഡ്, കുടിവെള്ളമുൾപ്പെടെ അടിസ്ഥാന സൗകര്യവികസനത്തിലെ പോരായ്മ ഉയർത്തികാട്ടിയായിരുന്നു ബിജെപിയുടെ ഇതുവരെയുള്ള പ്രചാരണം. ഈ രീതി വോട്ടർമാർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് കളംമാറ്റി ചവിട്ടുന്നത്.
Adjust Story Font
16