യുപിയിൽ 48 കേസുകളിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ 48 ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളുടെ തലക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
സിഐ അനുപ്‌ഷഹറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് പ്രതികളെ മോട്ടോർ സൈക്കിളിൽ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു. ആശുപത്രിയിൽ കൊണ്ടുപോകവെ ഇയാൾ മരിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് രാജേഷ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
കൊലപാതകശ്രമം, ശാരീരിക ഉപദ്രവമുണ്ടാക്കൽ തുടങ്ങി രാജേഷിനെതിരെ നിരവധി പൊലീസ് സ്‌റ്റേഷനുകളിലായി 48ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജേഷിനെ പിടികൂടുന്നവർക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിച്ചിരുന്നതിനാൽ മറ്റുദ്യോഗസ്ഥർ പരിക്കില്ലാതെ രക്ഷപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു.
Adjust Story Font
16