പോക്സോ കേസിൽ ബ്രിജ് ഭൂഷണ് പിന്തുണ; അയോധ്യയിൽ സന്യാസിമാർ നടത്താനിരുന്ന റാലി മാറ്റി
സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിംഗിന് പിന്തുണയുമായി അയോധ്യയിൽ നടത്താനിരുന്ന റാലി മാറ്റി. ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി സമ്മർദത്തിലായ സാഹചര്യത്തിലാണ് റാലി മാറ്റി വെയ്ക്കുന്നതായി ബ്രിജ്ഭൂഷൺ പ്രഖ്യാപിച്ചത്. പോക്‌സോ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സന്യാസിമാരാണ് ബ്രിജ്ഭൂഷണ് വേണ്ടി ജൻ ചേതന റാലി പ്രഖ്യാപിച്ചത്. .
സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് റാലി മാറ്റിവെച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ലൈംഗിക പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് റാലി നടത്താനുള്ള പദ്ധതി മാറ്റിവെച്ചത്.
ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ പൊലീസിൽ നൽകിയ എട്ട് പരാതികളിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനശ്രമം ഉൾപ്പടെ നിരവധി വകുപ്പുകളാണ് ബ്രിജ്ഭൂഷണ് എതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിലെ വിവിധ ഉപ വകുപ്പുകളാണ് ഡൽഹി കൊണാട്ട്‌പ്ലേസ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ബ്രിജ്ഭൂഷൺ ചെയ്തതായാണ് എഫ്‌ഐആറിലെ വെളിപ്പെടുത്തൽ. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായി താരങ്ങൾ നൽകിയ പരാതിയിലുണ്ട്.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൺ നിഷേധിച്ചു. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ താൻ "തൂങ്ങിമരിക്കും" എന്നാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളാണ് ഇതിന് പിന്നിലെന്നും ബ്രിജ് ഭൂഷൺ ന്യായീകരിച്ചു. "കഴിഞ്ഞ 28 വർഷമായി ജനങ്ങളുടെ പിന്തുണയോടെ ലോക്‌സഭാംഗമായി പ്രവർത്തിച്ചു. അധികാരത്തിലും പ്രതിപക്ഷത്തിരിക്കുമ്പോഴും എല്ലാ ജാതിയിലും സമുദായത്തിലും മതത്തിലും പെട്ട ആളുകളെ ഒരുമിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഇതാണ് രാഷ്ട്രീയ എതിരാളികളും അവരുടെ പാർട്ടികളും തെറ്റായ ആരോപണം ഉന്നയിക്കാൻ കാരണം"; ബ്രിജ് ഭൂഷൺ ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16