200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍; ബോളിവുഡ് താരം നോറ ഫത്തേഹിയെ ചോദ്യം ചെയ്തു
കേസിൽ സാക്ഷിയായ ഫത്തേഹിയെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വിസ്തരിച്ചത്.
ഡല്‍ഹി: 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നോറ ഫത്തേഹിയെ ഡൽഹി പൊലീസ് വെള്ളിയാഴ്ച നാലു മണിക്കൂറോളം ചോദ്യം ചെയ്തു. കേസിൽ സാക്ഷിയായ ഫത്തേഹിയെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വിസ്തരിച്ചത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ സുകേഷ് ചന്ദശേഖറിനെയും ഫത്തേഹിയെയും ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു.സുകേഷ് തനിക്ക് ആഡംബര കാര്‍ വാഗ്ദാനം ചെയ്തപ്പോള്‍ ആദ്യം ഓക്കെ പറഞ്ഞെങ്കിലും പിന്നീട് തനിക്കതിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയതായും ഫത്തേഹി പറഞ്ഞു. "അതിനാൽ ഞാൻ ഇക്കാര്യം ബോബിയെ അറിയിച്ചു, ബോബി ഇക്കാര്യത്തിൽ സുകേഷുമായി സംസാരിച്ചിരുന്നു.(ഫത്തേഹിയുടെ കുടുംബസുഹൃത്തും നടനുമാണ് ബോബി ഖാന്‍)അവസരം കിട്ടുമെങ്കിൽ വണ്ടി എടുക്കാൻ ഞാൻ ബോബിയോട് പറഞ്ഞു'' നോറ ഫത്തേഹി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ നേരിട്ടാണ് നോറക്ക് കാര്‍ സമ്മാനിച്ചതെന്നും കുടുംബ സുഹൃത്തിന് ഇതുമായി ബന്ധമില്ലെന്നും പറഞ്ഞ് സുകേഷ് ഇതിനെയും എതിര്‍ത്തിരുന്നു.
അതേസമയം സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇ.ഡി പ്രതി ചേര്‍ത്തിരുന്നു. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്‍റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു. ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 215 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്.
Adjust Story Font
16