Quantcast

നടി അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

ഡൽഹിയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ അർച്ചനയെയും അച്ഛനെയും പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Published:

    4 Oct 2023 3:15 PM GMT

Actress Archana Gautam expelled from Congress, Archana Gautam, UP Congress, INC
X

അർച്ചന ഗൗതം

ലഖ്‌നൗ: നടിയും മോഡലുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണു നടപടി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനു പിന്നാലെയാണു നടപടിയെന്നാണ് കോൺഗ്രസ് വിശദീകരണം. ഡൽഹിയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ അർച്ചനയെയും അച്ഛനെയും പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022 യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു അർച്ചന ഗൗതം.

കഴിഞ്ഞ ജൂണിൽ തന്നെ അർച്ചനയെ പാർട്ടിയിൽനിന്നു പുറത്തായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്കു പിന്നാലെയാണ് ഇക്കാര്യം പരസ്യമാകുന്നത്. മീററ്റിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഉൾപ്പെടെ പരാതികൾ അർച്ചനയ്‌ക്കെതിരെ ലഭിച്ചിരുന്നുവെന്ന് യു.പി കോൺഗ്രസ് വക്താവ് അൻഷു അശ്വതി പ്രതികരിച്ചു. മോശം പെരുമാറ്റത്തെക്കുറിച്ച് നിരവധി പ്രവർത്തകർ പരാതി നൽകിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ വാടകയൊന്നും അടച്ചുതീർത്തിട്ടില്ലെന്നും അൻഷു ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ലാത്തയാളായിട്ടും അർച്ചനയെ വിശ്വസിക്കുകയായിരുന്നു പാർട്ടിയെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. എല്ലാ ആദരവും നൽകുകയും ഹസ്തിനപൂരിൽ അവരെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്കു വേണ്ടി പണിയെടുത്ത പ്രവർത്തകരോട് പോലും മോശമായി പെരുമാറിയെന്ന നിരവധി പരാതികളാണു ലഭിച്ചത്. ഇതേതുടർന്ന് അർച്ചനയെ പാർട്ടിയിൽനിന്നു പുറത്താക്കാൻ അച്ചടക്കസമിതി തീരുമാനിക്കുകയായിരുന്നുവെന്നും അൻഷു അശ്വതി വിശദീകരിച്ചു.

ബിഗ് ബോസ് സീസൺ 16ലൂടെയാണ് അർച്ചന ഗൗതം ദേശീയശ്രദ്ധ നേടുന്നത്. 2018ൽ മിസ് ബികിനി ഇന്ത്യ, 2018ൽ മിസ് കോസ്‌മോസ് വേൾഡ് പട്ടങ്ങൾ നേടിയിട്ടുണ്ട്. 2021ലാണ് കോൺഗ്രസിൽ ചേരുന്നത്. തൊട്ടടുത്ത വർഷം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവർക്ക് ഹസ്തിനപൂർ സീറ്റ് നൽകുകയും ചെയ്തു. എന്നാൽ, നാണംകെട്ട തോൽവിയാണ് അർച്ചന നേരിട്ടത്. വെറും 1,500 വോട്ടുമായി കെട്ടിവച്ച കാശും നഷ്ടപ്പെട്ടു. ശക്തമായ പോരാട്ടത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ദിനേശ് കാത്തിക് എസ്.പിയുടെ യോഗേഷ് വർമയെ 7,175 വോട്ടിനു തോൽപിച്ച തെരഞ്ഞെടുപ്പിൽ ബി.എസ്.പി, എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികൾക്കു പിന്നിൽ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

Summary: Actress and model Archana Gautam expelled from Congress for misconduct, days after getting brutally attacked in Delhi

TAGS :

Next Story