കള്ളപ്പണം വെളുപ്പിക്കൽ: നടി ജാക്വലിൻ ഫെർണാണ്ടസിന്റെ ഏഴുകോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
200 കോടി തട്ടിപ്പ് കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി
ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ ഏഴുകോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 200 കോടി തട്ടിപ്പ് കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വലിന് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങൾ നൽകിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഫോർട്ടീസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങടക്കമുള്ള ഉന്നതരെ വഞ്ചിച്ചാണ് ഇയാൾ പണം കണ്ടെത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു.
തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള സ്വകാര്യ ചിത്രം പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും സ്വകാര്യ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച സാഹചര്യത്തിലായിരുന്നു നടി അപേക്ഷയുമായെത്തിയത്. ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയിരുന്നു. ഈ ബന്ധം സിനിമയാക്കാൻ ചില സംവിധായകരും ഒടിടി പ്ലാറ്റ്ഫോം അധികൃതരും രംഗത്തെത്തിയിരുന്നു.
ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു. സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നും അവർ അറിയിച്ചു.
അതേസമയം, ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്തും ഇന്ന് ഇഡി കണ്ടു കെട്ടി. 1999ലെ ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട്) നിയമ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനി അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ അനധികൃത ഇടപാടുകൾക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. 2014 ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015 മുതൽ പണം അടയ്ക്കാൻ തുടങ്ങി. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
Actress Jacqueline Fernandez's assets worth Rs 7 crore seized by ED
Adjust Story Font
16